കൊച്ചി: നടനും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.
ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാൻ താത്പര്യമില്ലെന്നും മറിച്ച് ദുരന്തബാധിതർക്കായി വീടുകള്‍ നിർമിച്ച് നല്‍കുമെന്നും ഫേസ്ബുക്കിലൂടെ അഖില്‍ മാരാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിക്കെതിരെ പോസ്റ്റിട്ടെന്ന് ആരോപിച്ച് കേസെടുത്തിരിക്കുന്നത്.
‘അങ്ങനെ വീണ്ടും കേസ്, മഹാരാജാവ് നീണീള്‍ വാഴട്ടെ’, എന്നാണ് അഖിൻ മാരാർ കേസെടുത്തതിന് പിന്നാലെ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. വയനാട്ടിലെ ദുരന്തബാധിതർക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ വരെ 40 കേസുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. നേരത്തെ ബിജെപി മീഡിയ വിഭാഗം മുൻ കോ കണ്‍വീനർ ശ്രീജിത്ത് പന്തളത്തിനെതിരയെും കേസെടുത്തിരുന്നു. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ നിർമിക്കുന്നവർക്കെതിരെയും ഷെയർ ചെയ്യുന്നവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.