ഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാനും വഖ്ഫ് ബോര്‍ഡിനും കൗണ്‍സിലിനും നിലവിലുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കി സര്‍ക്കാരിന് ആധിപത്യം അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുസ്ലിം ലീഗ് നേതാക്കാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്തുക്കളുണ്ട്. വഖ്ഫ് സ്വത്ത് ആര്‍ക്കും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ അവകാശമില്ല. എന്തുകൊണ്ടന്നാല്‍ ഏതൊരു വ്യക്തിയാണോ വഖ്ഫ് ചെയ്യുന്നത് അയാളുടെ അഭിലാഷം കണക്കിലെടുക്കാതെ അത് മുന്നോട്ട് പോവാനാവില്ല. വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഭരണസംവിധാനത്തിലും അതിന്റെ നേതൃത്വ പദവിയിലുമെല്ലാം തങ്ങളുടെ ഇഷ്ടക്കാരെ വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. അത് ശക്തമായി എതിര്‍ക്കേണ്ടതാണ്. ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനശിലയെ പുച്ഛിക്കുന്ന നടപടിയാണിത്. ഇക്കാര്യം മുസ് ലിം ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല. വശ്വാസപ്രമാണമുള്ള പലരുടെയും ഇത്തരം സംവിധാനത്തില്‍ അത് നടത്തിപ്പോവുന്നത് നിയമപരമായ അവരുടെ അധികാരമാണ്. അത് തട്ടിപ്പറിച്ചെടുക്കാന്‍ ഒരു വ്യക്തിക്കും സര്‍ക്കാരിനും സാധ്യമാവുകയില്ല. മുസ് ലിം ലീഗ് എന്നും ഇത്തരം അനീതികള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്. ഇക്കാര്യത്തിലും നിയമപരമായ പോരാട്ടത്തിന് ആവശ്യമെങ്കില്‍ മുസ് ലിം ലീഗ് തയ്യാറാണ്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് ജെപിസി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വഖ്ഫ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരിന്നു. വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു അത്. അന്യാധീനപ്പെട്ടിരുന്ന വഖ്ഫ് സ്വത്തുക്കള്‍ മോചിപ്പിച്ചെടുക്കുന്നതിനും ചെറിയ തുകയ്ക്ക് വഖ്ഫ് സ്വത്തുക്കള്‍ ലീസിനെടുക്കുവനുള്ള സാഹചര്യം ഒഴിവാക്കി മാര്‍ക്കറ്റ് വില അടിസ്ഥാനത്തില്‍ ലീസിന് കൊടുക്കാനും അന്നത്തെ ഭേദഗതികൊണ്ട് സാധിച്ചു. ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നുകൊണ്ടിരിക്കുന്നത് ബിജെപി വഖ്ഫ് ആക്ടിലെ സുപ്രധാനമായ ചില വകുപ്പുകള്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നതാണ്. അവര്‍ക്ക് ഇഷ്ടമുള്ള നിയമം കൊണ്ടുവരാനും ശ്രമിക്കുന്നു.
കടുത്ത വിവേചനവും സ്ഥാപനങ്ങളെ പിടിച്ചെടുക്കാനുമുള്ള അധികാര ദുര്‍വിനിയോഗവുമാണ് ഇതിനു പിന്നിലുള്ളത്. ഇത്തരം കാര്യങ്ങളില്‍ സമാന ചിന്താഗതിക്കാരുടെ യോജിപ്പുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധമുള്ളവരാണ് ഈ നാട്ടുകാര്‍ എന്നതിനാല്‍ ബിജെപിയിടെ ഈ അടവ് ഫലിക്കാന്‍ പോവുന്നില്ലെന്നും മുസ് ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംപിമാരായ ഡോ. എം പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.