കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്ന് മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പ്രവര്‍ത്തിച്ച ഹിറ്റാച്ചി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ കൈകാര്യം ചെയ്തവര്‍ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
മണ്ണിനടിയില്‍ നിന്ന് മനുഷ്യരെ എങ്ങനെ കണ്ടെത്തുമെന്നതിനാല്‍ വളരെ ശ്രദ്ധയോടെയായിരുന്നു യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത്. പലപ്പോഴും വൈകാരികതയാല്‍ സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും ജെസിബി ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു.
താന്‍ ഹിറ്റാച്ചി പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ഒരു യുവാവ് തന്റെ അടുത്തേക്ക് ഓടിയെത്തി. ഇവിടെ തന്റെ വീട് നിന്നിരുന്ന സ്ഥലമാണ്. ബന്ധുക്കള്‍ അടിയില്‍ പുതഞ്ഞുകിടക്കുന്നതിനാല്‍ പതിയെ മണ്ണ് നീക്കണമെന്ന് അപേക്ഷിച്ച് പൊട്ടിക്കരയുകയായിരുന്നു. മറ്റൊരാള്‍ പറയുന്നത് ഇങ്ങനെ; ആദ്യമായാണ് ഇത്തരമൊരു അനുഭവം. മണ്ണ് നീക്കുന്നതിനിടെ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തുമെന്നതിനാല്‍ അത് ഭാരിച്ച ഉത്തരവാദിത്വമായിരുന്നെന്ന് അയാള്‍ പറയുന്നു.
വൈകാരിക പിരിമുറുക്കങ്ങള്‍ക്കിടയിലും തങ്ങളുടെ ജോലി ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും അവര്‍ പറയുന്നു.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 391 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഇന്നത്തെ തെരച്ചലില്‍ ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ ചാലിയാര്‍ പുഴയില്‍ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറില്‍ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ചലിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഇന്ന് നിജപ്പെടുത്തിയിരുന്നു. 12 സോണുകളിലായി 50 പേര് വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ തുടരുന്നത്.