ദുരന്തഭൂമിയിലെ മറ്റൊരു ‘സൂപ്പര്‍ ഹീറോ’ ശരത് ബാബു (28)വരുംകാലങ്ങളിലും ചൂരല്‍മലയിലുള്ളവര്‍ മറക്കാത്ത ഒരു നോവായി മാറും.
ചൂരല്‍മല സ്വദേശി മുരുകന്റെയും സുബ്ബലക്ഷ്മിയുടെയും മകനാണ് ശരത്ബാബു. സാമൂഹിക പ്രവര്‍ത്തകനായി ചൂരല്‍മലക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജീഷിന്റെ സുഹൃത്താണ് ശരത്. ആ ദുരന്തരാത്രിയില്‍ അച്ഛനെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിപ്പോയതാണ് ശരത് ബാബു.
‘ഇപ്പോള്‍ വരാം നിങ്ങള്‍ ഇവിടെ ഇരിക്കണം’- എന്ന് അച്ഛനോടും അമ്മയോടും രണ്ടുസഹോദരിമാരോടും പറഞ്ഞാണ് ശരത് ബാബു പുറത്തേയ്ക്ക് പോയത്. ‘കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഞങ്ങള്‍ക്ക് ആകപ്പാടെ ഉണ്ടായിരുന്നതാണ് വിട്ടു പോയത്. എന്റെ കുട്ടി എവിടെ പോയോ എന്തോ…’- സുബ്ബലക്ഷ്മിയുടെ കരച്ചില്‍ കണ്ടുനിന്നവരുടെയും കണ്ണ് നിറച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി പ്രജീഷിനൊപ്പം മൂന്നാമതും മലയുടെ മുകളില്‍ പോകുമ്ബോള്‍ സുഹൃത്തുകള്‍ തടഞ്ഞതാണ്. പക്ഷേ ഇരുവരും ജീപ്പുമായി മലകയറി. പക്ഷേ ചൂരല്‍മല പാലത്തിനടുത്ത് എത്താന്‍ കഴിഞ്ഞില്ല. ആ ജീപ്പടക്കം രണ്ടുപേരെയും മണ്ണും വെള്ളവും കൊണ്ടുപോവുകയായിരുന്നു.