വിസ്തൃതിയിലും ഘടനയിലും സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മലകളിലൊന്നായ ഊരകം മലയുടെ സംരക്ഷണം ഉറപ്പ് വരുത്താൻ എത്രയും വേഗം നടപടി സ്വീകരിക്കണം. കാലവർഷക്കെടുതികളുടെ പശ്ചാതലത്തിൽ ഈ വിഷയം ഗൗരവത്തിലെടുത്ത് സർക്കാർ തലത്തിൽ വിദഗ്ധ സമിതിയെ നിശ്ചയിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കണം.
ഉരുൾപൊട്ടൽ സാധ്യതാ പഠനം അടക്കം ഇതോടൊപ്പം നടത്തണം. യഥേഷ്ടം ക്വാറികളാണ് ഇപ്പോൾ ഈ മലയിൽ അനധികൃതമായി പ്രവർത്തിക്കുന്നത്. പലതിനും ലൈസൻസ് പോലും ഇല്ല. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം.
ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ക്വാറികൾ ലൈസൻസ് ലഭിക്കാനാവശ്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ഇതേ കുറിച്ച് പ്രത്യേകമായ അന്വേഷണം വേറെയും നടത്തേണ്ടതാണ്.
നൂറ് കണക്കിന് കരിങ്കൽ ലോഡുകളാണ് മലയിൽ നിന്ന് ദിനംപ്രതി പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ടോറസ് ലോറികളുടെ അതിപ്രസരം തീർക്കുന്ന പ്രതിസന്ധികൾ വേറെയും. പുറം ജില്ലകളിലേക്ക് വരെ ഇവിടെ നിന്ന് കരിങ്കൽ ലോഡുകൾ കൊണ്ട് പോകുന്നു.
സമുദ്ര നിരപ്പിൽ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി കിടക്കുന്നതുമായ ഊരകം മല ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. കരിങ്കല്ലും മണ്ണും കല്ലുകളും ഇടകലർന്ന രീതിയിലാണ് ഈ മലയുടെ ഘടന.
ആധുനിക മെഷീനുകളുപയോഗിച്ച് വേഗത്തിൽ കരിങ്കല്ല് പൊട്ടിച്ചെടുക്കുന്ന യന്ത്രങ്ങളാണ് ഇവിടെ ക്വാറികളിൽ ഉപയോഗിക്കുന്നത്. ഇത് ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതം ചെറുതായിരിക്കില്ല. മലക്ക് മുകളിലും മലയുടെ താഴ്‌വാരത്തുമായി നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇതിനെല്ലാം ഭീഷണിയാവുന്ന വിധം നിയമവിരുദ്ധമായി ഊരകം മലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും തടയിടാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന്
ജില്ലാ കളക്ടറെയും വകുപ്പ് മേധാവികളെയും മറ്റു ബന്ധപ്പെട്ടവരെയും കണ്ട് ആവശ്യപ്പെടും. പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സമര പരിപാടികളെ കുറിച്ച് ആലോചിക്കുവാനാണ് ഉദ്ദേശിക്കുന്നത്.