റിയാദ് അഞ്ചു വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങുകയാണ്… ഒരു രാത്രി പുലർന്നാൽ വൈകിട്ടത്തെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാമെന്ന സന്തോഷത്തിൽ ഉറങ്ങാൻ കിടന്ന പ്രവാസി മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ താമസസ്ഥലത്ത് മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോടിനുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പോകാനുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തി ഉറങ്ങാൻ കിടന്നതായിരുന്നു യുവാവ്.ചൊവ്വാഴ്ച രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ കൂട്ടുകാർ തിരക്കി എത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്.
നാട്ടിലേക്ക് കൊണ്ടു പോകാനുള്ള പെട്ടികളും സാധനങ്ങളും എല്ലാം കൂട്ടുകാരുമൊക്കെ ചേർന്ന് ഒരുക്കി ലഗേജിന്റെ ഭാരവും തൂക്കമൊക്കെ കൃത്യമാണെന്ന് ഉറപ്പിച്ച് വെച്ചു.
അടുത്തിടെയാണ് വീട് പണിയൊക്കെ ഏറെക്കുറെ പൂർത്തീകരിച്ചത്. അഞ്ചു വർഷത്തിനു ശേഷം ഭാര്യയെയും മക്കളെയും ഉമ്മയെയേയും ഒക്കെ ഞെട്ടിച്ചു കൊണ്ട് സർപ്രൈസായി രാവിലെ വീട്ടിലെത്തെണമെന്നാണ് തന്റെ പ്ലാനെന്നുമൊക്കെ തമാശയായി പറഞ്ഞിരുന്നതായി സൃഹൃത്തുക്കൾ പറഞ്ഞു.
സമയം കിട്ടുമ്പോഴൊക്കെ വീട്ടിലുള്ളവരെ ഫോണിൽ വിളിക്കുമായിരുന്ന റഫീഖ് താൻ നാട്ടിലേക്കു വരുന്നത് മാത്രം വീട്ടുകാരെ അറിയിക്കാതെ ചെല്ലുന്നതിന്റെ ത്രില്ലിലുമായിരുന്നു.
രാത്രി വൈകിയും റൂമിൽ എല്ലാരോടും സ്നേഹസംഭാഷണങ്ങൾ നടത്തിയാണ് പുലരാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ഉറങ്ങാൻ പോയതെന്നും ഒപ്പമുള്ളവർ പറഞ്ഞു.
അവസാനമായി നാട്ടിൽ പോയി വന്നത് അഞ്ചു വർഷങ്ങൾക്കു മുൻപായിരുന്നു പിന്നീട് കോവിഡ് കാലം വന്നതോടെ ജോലി നഷ്ടപ്പെട്ടതോടെ നാട്ടിൽ പോകാനും സാധിക്കില്ലായിരുന്നു.
ഇതിനിടെ വേറൊരു സ്പോൺസറുടെ കീഴിൽ ജോലികിട്ടി അവിടേക്ക് മാറി. പുതിയ ഇടത്ത് ജോലിക്ക് കയറിയതോടെ ഉടനെ തന്നെ അവധി എടുക്കാനോ നാട്ടിലേക്ക് പോയി വരാനോ കഴിയാത്ത സ്ഥിതിയായിരുന്നു.
വീസാ മാറ്റങ്ങളും സ്പോൺസർമാറ്റങ്ങളും ഓക്കെയായി ഇതിനോടകം നാട്ടിലേക്ക് മടങ്ങാതായിട്ട് അഞ്ചു വർഷമായി കഴിഞ്ഞിരുന്നു.
നാട്ടിലേക്ക് മടങ്ങുന്നതിനായി നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ വീസയിൽ പിന്നീട് തിരികെ എത്താനുള്ള എല്ലാ ക്രമീകരണവും ജോലിയുമൊക്കെ ശരിയാക്കി വെച്ചിട്ടാണ് റഫീക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ എല്ലാം നടത്തിയത്.
അഞ്ചു വർഷത്തിനു ശേഷമുള്ള യാത്രയായതിനാൽ വീട്ടുകാർക്കും പ്രിയപ്പെട്ടവർക്കും മക്കൾക്കും നൽകാനുള്ള സ്നേഹസമ്മാനങ്ങളും എല്ലാം നേരത്തെ വാങ്ങി കരുതിയിരുന്നു.
അഞ്ചാണ്ടുകൾക്ക് ഇപ്പുറം നാട്ടിലേക്ക് ഏത്താൻ മണിക്കൂറുകൾ ഇനിയെത്ര ബാക്കി എന്ന് എണ്ണി വെമ്പുന്ന മനസോടെ വീടിനെയും പ്രിയതമയയേയും മക്കളേയും ഉമ്മയേയും കുറിച്ചുള്ള തുടികൊട്ടുന്ന ഓർമകളുമായി ഉറങ്ങാൻ പോയി ഇനി ഉണരാത്ത നിദ്രയിലായ റഫീഖ് നോവായി നിറയുന്നു ഓരോ പ്രവാസിയുടെയും ചിന്തകളിൽ.
പരേതനായ കാവുങ്ങൽ മുഹമ്മദ്, സൈനബ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. മുംതാസ്, മക്കൾ. റിഷ,സഹ്റാൻ, ദർവീഷ് ഖാൻ.
ഷുമൈസി ആശുപ്രതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും, മലപ്പുറം ജില്ലാ കൂട്ടായ്മ ഭാരവാഹികളും നേതൃത്വം നൽകി രംഗത്തുണ്ട്. സംസ്കാരം പിന്നിട് നാട്ടിൽ നടക്കും.