സിനിമാ താരങ്ങള്‍ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടൻ ജോണ്‍ എബ്രഹാം. തന്റെ സഹപ്രവർത്തകരായ താരങ്ങളെ താൻ ഏറെ സ്നേഹിക്കുന്നുവെന്നും എന്നാല്‍ ഒരിക്കലും ഒരു പാൻമസാല ഉത്പന്നത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ജോണ്‍ പറഞ്ഞു.
താനൊരിക്കലും ആളുകളുടെ ജീവിതംവെച്ച് കളിക്കില്ലെന്നും താരം പറഞ്ഞു. ദ രണ്‍വീർ ഷോ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാർത്ഥ ജീവിതത്തില്‍ താനെങ്ങനെയാണോ അതുപോലെയായിരിക്കും ആളുകളോടും പെരുമാറുകയെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. പുകയില ഉത്പ്പന്നങ്ങള്‍ക്ക് പരസ്യം ചെയ്തിട്ട് ആരോഗ്യപരമായ ജീവിതം നയിക്കാൻ പറയുന്ന മറ്റ് താരങ്ങളെപ്പോലെയാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായി ജീവിക്കുകയും പറയുന്നത് മാത്രം പ്രവർത്തിക്കുകയും ചെയ്താല്‍ തന്നെ ഒരു റോള്‍മോഡലെന്ന് വിളിക്കാം. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നുപ്രവർത്തിച്ചിട്ട് അവരെ കാണാതെ മറ്റൊന്ന് ചെയ്താല്‍ അവരത് കണ്ടെത്തുമെന്നും ജോണ്‍ എബ്രഹാം ചൂണ്ടിക്കാട്ടി.
വിവിധ പ്ലാറ്റ്ഫോമുകളില്‍ ആരോഗ്യത്തെക്കുറിച്ച് വലിയ രീതിയില്‍ സംസാരിക്കുകയും എന്നാല്‍ പാൻ-മസാല പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അഭിനേതാക്കളെ ജോണ്‍ രൂക്ഷമായി വിമർശിച്ചു.
മൗത്ത് ഫ്രഷ്നറുകള്‍ വില്‍ക്കുന്നെന്ന് നടിച്ചുകൊണ്ടാണ് ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നത്. ഇത്തരം കമ്ബനികളുമായി സഹകരിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പുകയില വില്‍ക്കുന്നത് നിയമവിരുദ്ധമല്ലെന്നും ജോണ്‍ ചൂണ്ടിക്കാട്ടി.
‘ആളുകള്‍ ഫിറ്റ്നസിനേക്കുറിച്ച് വാതോരാതെ സംസാരിക്കും. ഇതേയാളുകള്‍ തന്നെ പാൻ മസാലയെ പ്രോത്സാഹിപ്പിക്കും. ഞാൻ എന്റെ സഹപ്രവർത്തകരായ നടന്മാരെ ഇഷ്ടപ്പെടുന്നു.
ഞാൻ അവരില്‍ ഒരാളെപ്പോലും അപമാനിക്കുകയല്ല. എന്നെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത് എന്നെനിക്ക് ഉറപ്പാക്കേണ്ടതുണ്ട്.
ഞാനൊരിക്കലും മരണം വില്‍ക്കില്ല. പാൻ-മസാല വ്യവസായത്തിന്റെ വാർഷിക വിറ്റുവരവ് 45,000 കോടി രൂപയാണെന്ന് നിങ്ങള്‍ക്കറിയാമോ അതിനർത്ഥം സർക്കാർ പോലും അതിനെ പിന്തുണയ്ക്കുന്നു എന്നാണ്. അതുകൊണ്ടാണ് ഇത് നിയമവിരുദ്ധമല്ലാത്തത്.’ ജോണ്‍ എബ്രഹാം പറഞ്ഞു.
പുകയിലയല്ല ‘ഏലക്ക’യാണ് വില്‍ക്കുന്നതെന്ന് പറയുന്ന നടന്മാരെ തനിക്ക് ഒരിക്കലും മനസ്സിലാകില്ലെന്നും താരം പറഞ്ഞു. നിങ്ങള്‍ മരണം വില്‍ക്കുകയാണ്, നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.