കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ നടത്തിയ ജനകീയ തെരച്ചിലില്‍ ആനയടികാപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ എയർ ലിഫ്റ്റ് ചെയ്യാനായില്ല.
തെരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെയും അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരാൻ പിപിഇ കിറ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങള്‍ നല്‍കാത്തതിനാല്‍ മൃതദേഹം കൊണ്ടുവരാനായില്ലെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു. രാവിലെ കണ്ടെത്തിയ നാലു മൃതദേഹങ്ങളാണ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മാറ്റാൻ കഴിയാതെ വന്നത്.
പിപിഇ കിറ്റ് നല്‍കിയില്ല. കവറുകളും ഗ്ലൗസും മാത്രമാണ് നല്‍കിയത്. അതുപയോഗിച്ച് മൃതദേഹങ്ങള്‍ കൊണ്ടുവരാൻ ആകില്ലെന്ന് തങ്ങള്‍ അറിയിച്ചതായും സന്നദ്ധ പ്രവർത്തകർ അറിയിച്ചു. 4 മൃതദേഹങ്ങളും ഇപ്പോഴും സൂചിപ്പാറയ്ക്ക് താഴെയുള്ള സ്ഥലത്ത് തന്നെയാണുള്ളത്. ഇവ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവർത്തകർ അറിയിച്ചു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ജില്ലാഭരണകൂടം രംഗത്തെത്തി. സമയം വൈകിയതിനാല്‍ മൃതദേഹങ്ങള്‍ ഇന്ന് എയർ ലെഫ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു. നാളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നും കളക്ടറുടെ ഓഫീസ് അറിയിക്കുന്നു. രാവിലെ 9.50 ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം സന്നദ്ധ പ്രവർത്തകർ അധികൃതരെ അറിയിച്ചത്.
വയനാട് ഉരുള്‍ ദുരന്തമുണ്ടായി പതിനൊന്നാം നാള്‍ പിന്നിടുനമ്ബോള്‍ ജനകീയ തെരച്ചിലില്‍ 4 മൃതദേഹം കണ്ടെത്തിയത്. സൂചിപ്പാറയിലെ ദുർഘട മേഖലയില്‍ സന്നദ്ധപ്രവർത്തകരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരന്ത മേഖലയിലെ ഇന്നത്തെ ജനകീയ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഞായറാഴ്ച വീണ്ടും തുടരും. കാണാതായത് 133 പേരെന്നാണ് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഒരു ഭാഗത്ത് ജനകീയ തെരച്ചില്‍ നടക്കുന്നതിനിടെയാണ് സൂചിപ്പാറയിലെ അപകട സാധ്യത കൂടിയ സ്ഥലത്ത് നിന്ന് സന്നദ്ധ പ്രവർത്തകരും ദൗത്യ സംഘവും ചേർന്ന് ശ്രമകരമായ ദൗത്യത്തിലൂടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരുമാണ് ജനകീയതെരച്ചിലില്‍ അണിനിരന്നത്. ദുരന്തത്തില്‍ കാണാതായ പരമാവധിയാളുകളെയും കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയെന്ന ദൗത്യവുമായാണ് ജനകീയ തെരച്ചില്‍ നടന്നത്. ഇന്ന് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തെരച്ചില്‍. ദുരിതാശ്വാസ ക്യാമ്ബുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ രജിസ്റ്റര്‍ ചെയ്ത 190 പേരും തെരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. ഇവരെ അതിരാവിലെ സ്ഥലത്തെത്തിച്ചാണ് ജനകീയ തെരച്ചില്‍ തുടങ്ങിയത്.
ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരല്‍മല സ്‌കൂള്‍ റോഡ് എന്നിവടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയത്. പുഞ്ചിരിമട്ടത്തെ തകര്‍ന്ന വീടുകള്‍ക്കരികില്‍ ആദ്യമെത്തിയ സംഘത്തോടൊപ്പം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. ഉത്തരമേഖല ഐ.ജി. കെ സേതുരാമന്‍ തെരച്ചില്‍ സംഘത്തിന് നേതൃത്വം നല്‍കി.
കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലും ആവശ്യപ്പെട്ട സ്ഥലങ്ങളിലുമെല്ലാം വിശദമായ പരിശോധന നടത്തിയിരുന്നു. സംശയമുള്ള ഇടങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കി പരിശോധിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡിനെയും തെരച്ചിലിന് ഉപയോഗിച്ചു. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടിക പ്രകാരം ദുരന്തത്തില്‍ കാണാതായ 131 പേരാണുള്ളത്. ഇവരെയും കണ്ടെത്താനുള്ള പരിശ്രമങ്ങളാണ് മുന്നേറുന്നത്.