കല്പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് നാളെ വയനാട് ജില്ലയില് കടുത്ത നിയന്ത്രണങ്ങൾ
മുണ്ടക്കൈ, ചൂരല്മല തുടങ്ങിയ പ്രദേശങ്ങളില് നാളെ തിരച്ചില് അനുവദിക്കില്ല. കര്ശന നിയന്ത്രണങ്ങളുള്ളതിനാല് സന്നദ്ധ പ്രവര്ത്തകര്ക്കും തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്ക്കും ദുരന്തബാധിത പ്രദേശങ്ങളില് പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ച്ച ജനകീയ തിരച്ചില് പുനരാരംഭിക്കുമന്നും ജില്ല കളക്ടര് ഡി.ആര് മേഘശ്രീ അറിയിച്ചു.
നാളെ 12 മണിയോടെയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. മൂന്ന് മണിക്കൂറോളം മേഖലയില് തുടരും. കണ്ണൂരില് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ നിന്ന് ഹെലികോപ്ടര് മാര്ഗമാകും വയനാട്ടിലെത്തുക. കല്പ്പറ്റ സ്കൂള് ഗ്രൗണ്ടില് ഹെലികോപ്ടര് ഇറങ്ങു. തുടര്ന്ന് റോഡ് മാര്ഗം ചൂരല്മലയിലെത്തും.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്ശനത്തിന് മുന്നോടിയായി മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനം ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വരവില് മുണ്ടക്കൈ, ചൂരല്മല ഉരുള്പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.