മേപ്പാടി: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭാഗമായി നാലു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കൂടി കണ്ടെത്തി. ഇന്ന് നടത്തിയ ജനകീയ തെരച്ചിലില്‍ മുണ്ടക്കൈയില്‍ നിന്നും ഏറെ മാറി സൂചിപ്പാറ, കാന്തന്‍പാറ വെള്ളച്ചാട്ടങ്ങളും കാടുമൊക്കെ ചേരുന്ന പ്രദേശത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്നാണ് സൂചനകള്‍.
11 ദിവസത്തിന് ശേഷം കണ്ടെത്തിയ മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്.
അതീവ ദുര്‍ഘടമായ പ്രദേശത്ത് മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താന്‍ബത്തേരിയില്‍ കൊണ്ടുവന്ന ശേഷം മേപ്പാടി ആശുപത്രിയിലേക്ക് കൊണ്ടുപോകും. അവകാശികള്‍ എത്താത്ത സാഹചര്യം ഉണ്ടായാല്‍ മൃതദേഹങ്ങള്‍ പുത്തുമലയിലെ പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും. ഈ പ്രദേശം കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. കെഡാവര്‍ നായയുടെ സഹായത്താലാണ് തെരച്ചില്‍.
സന്നദ്ധപ്രവര്‍ത്തകരും ദൗത്യസംഘങ്ങളും ചേര്‍ന്ന് ഇന്ന് നടത്തിയ ജനകീയ തെരഞ്ഞെടുപ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തെരച്ചിലിന്റെ അവസാനഘട്ടമെന്ന നിലയില്‍ ഇന്ന് ബന്ധുമിത്രാദികളെയും രക്ഷാദൗത്യ സേനയെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജനകീയ തെരച്ചില്‍ നടത്തുകയാണ്. നേരത്തേ മുണ്ടക്കൈയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ട സാഹചര്യത്തില്‍ രണ്ടിടത്ത് പരിശോധന നടത്തിയിരുന്നു.
ചെളിയടിഞ്ഞ് കൂടിയിരിക്കുന്നതിനാല്‍ പ്രദേശത്ത് തെരച്ചില്‍ ഏറെ ദുഷ്ക്കരമാണ്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും