ദുരന്തമേഖലയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ സമഗ്രമായ പുനരധിവാസത്തിനും നാടിന്റെ വികസനാവശ്യങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്.
നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കരുതല്‍ കാക്കുകയാണ് നാട്. ദുരന്തബാധിതരുടെ പുനരധിവാസവും ജീവനോപാധി കണ്ടെത്തലുമടക്കം ഒട്ടേറെ വെല്ലുവിളികളാണ് മുന്നില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദർശിക്കും. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദർശിക്കും. ദുരിതാശ്വാസക്യാമ്ബിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും.
തുടർന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കർശനനിയന്ത്രണങ്ങളുള്ളതിനാല് ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചിലുണ്ടാവില്ലെന്ന് വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
പ്രത്യേക പാക്കേജ്
വയനാട് ദുരന്തത്തെ എല്‍.ത്രി വിഭാഗത്തിലുള്‍പ്പെടുത്തി കേന്ദ്രസർക്കാർ പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. തീവ്രത കൂടിയതും, കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ പരിഹരിക്കേണ്ടതുമായ വലിയ ദുരന്തങ്ങളെയാണ് എല്‍.ത്രി വിഭാഗത്തില്‍ ഉള്‍പ്പെടുത്താറ്. ആദ്യമായി ജില്ലയിലെത്തുന്ന പ്രധാനമന്ത്രി വയനാടിന്റെ മറ്റ് അടിസ്ഥാനപ്രശ്നങ്ങളിലടക്കം ശ്രദ്ധനല്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
നല്ല ജീവിതവും ജീവിതോപാധിയും
ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. ആയിരത്തിലേറെ കുടുംബങ്ങളെ പാർപ്പിക്കാൻ സുരക്ഷിതമായ ഹെക്ടർകണക്കിന് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീട് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ കോടികള്‍ വേണം. പ്രദേശവാസികളെയെല്ലാം ഒരുമിച്ചുതാമസിപ്പിക്കുന്നതിനായി എല്ലാസൗകര്യങ്ങളോടെയുമുള്ള ടൗണ്‍ഷിപ്പ് മാതൃകയാണ് നിലവില്‍ പരിഗണനയിലുള്ളത്. യുദ്ധകാലാടിസ്ഥാനത്തില്‍ പുനരധിവാസം നടപ്പാക്കേണ്ടതുണ്ട്. ദുരിതാശ്വാസക്യാമ്ബുകളിലും ബന്ധുവീടുകളിലും കഴിയുന്നവർക്ക് വീടൊരുങ്ങുംവരെ താമസിക്കാൻ താത്കാലിക സൗകര്യങ്ങളൊരുങ്ങണം.
നഷ്ടപരിഹാരം
ദുരന്തത്തിലെല്ലാം നഷ്ടമായവരാണിവിടെയുള്ളത്. തൊഴിലില്ലാത്തവർക്ക് തൊഴില്‍ ലഭ്യമാക്കണം. ജീവനോപാധികളുടെ വിതരണം, പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താൻ പലിശരഹിത വായ്പാവിതരണം തുടങ്ങിയ പദ്ധതികള്‍ കൊണ്ടുവരേണ്ടതുണ്ട്. ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവർക്കും വീടും സ്ഥലവുമടക്കമുള്ള സ്വത്തുക്കള്‍ നഷ്ടപ്പെട്ടവർക്കും മാന്യമായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.
നെഞ്ചോടു ചേർക്കാം
മലനിരകളാല്‍ ചുറ്റപ്പെട്ട പരിസ്ഥിതിദുർബലമേഖലകളാണ് വയനാട്ടിലേത്. ശാസ്ത്രീയപഠനങ്ങളിലൂടെ അപകടസാധ്യതാമേഖലകള്‍ കണ്ടെത്തി, അവിടെ താമസിക്കുന്നവരെ സുരക്ഷിതമേഖലകളിലേക്ക് പുനരധിവസിപ്പിക്കാൻ പദ്ധതികളുണ്ടാവണം
അതിതീവ്രമഴയാണ് 2018, 2019, 2024 വർഷങ്ങളില്‍ വയനാട്ടിലുണ്ടായ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമായത്. തുടർച്ചയായുണ്ടാകുന്ന അതിതീവ്രമഴ താങ്ങാനുള്ളശേഷി ഈ മണ്ണിനില്ല. മാറുന്ന കാലാവസ്ഥയ്ക്കും വികസന പദ്ധതികള്‍ക്കും അനുയോജ്യമായ ഭൂവിനിയോഗം സംബന്ധിച്ച വ്യക്തമായ നയം തയ്യാറാക്കണം
ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. കാരണങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനം നടത്തണം. നൂതന സാങ്കേതികവിദ്യകളുപയോഗപ്പെടുത്തി പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പ്രവചനങ്ങളുറപ്പാക്കണം. തത്സമയ വിവരങ്ങള്‍ പ്രാദേശികമായി എത്തിക്കാനുള്ള ജനകീയശൃംഖലകളൊരുക്കണം
എൻ.ഡി.ആർ.എഫ്. ഉള്‍പ്പെടെയുള്ള രക്ഷാസേനകളുടെ സ്ഥിരംസേവനവും ജില്ലയിലുറപ്പാക്കണം