തിരുവനന്തപുരം: മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അനുശോചിച്ചു.
സംശുദ്ധ രാഷ്ട്രീയത്തിന്റ വക്താവായ ആദർശ ശുദ്ധിയുള്ള നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെ താഴേത്തട്ടില്‍നിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി പടിപടിയായി ഉയർന്നുവന്ന നേതാവ്. പ്രാദേശിക തലത്തില്‍ വ്യക്തിപരവും രാഷ്ട്രീയവുമായ ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നത് കൊണ്ട് പ്രവർത്തകരുടെ വികാരങ്ങള്‍ അതേ അർഥത്തില്‍ മനസിലാക്കിയ നേതാവ് കൂടിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി.
നിയമസഭയില്‍ കാര്യമാത്ര പ്രസക്തമായ ഇടപെടലുകള്‍കൊണ്ട് ശ്രദ്ധേയനായ കുട്ടി അഹമ്മദ് കുട്ടി മികച്ച ഭരണാധികാരി കൂടിയായിരുന്നു. വിദ്യാഭ്യാസ, മത്സ്യബന്ധന മേഖലകളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തില്‍ അറിവുണ്ടായിരുന്നു. മലപ്പുറത്തിന്റെ ഗ്രാമീണ മേഖലയില്‍ അടിസ്ഥാന വർഗത്തിന്റെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ട കുട്ടി അഹമ്മദ് കുട്ടി തൊഴിലാളി സംഘടനാ നേതൃത്വത്തില്‍ അസാധാരണ മികവ് കാട്ടിയ നേതാവ് കൂടിയാണ്. വ്യക്തിപരമായി തനിക്ക് അടുത്ത സുഹൃത്തിനെ കൂടിയാണ് നഷ്ടമായതെന്നും വി.ഡി സതീശൻ പറഞ്ഞു