പണത്തിനല്ല തന്റെ പ്രാഥമിക പരിഗണനയെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം. ലാളിത്യത്തോടെ ജീവിക്കുന്നതാണ് യഥാർത്ഥ ആഡംബരമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ജോണ്‍ പറഞ്ഞു.
രണ്‍വീർ അല്ലാബാദിയയുടെ ദ രണ്‍വീർ ഷോ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഡംബര വസ്തുക്കള്‍ വാങ്ങാത്തത് എന്തുകൊണ്ടെന്നും പരിപാടിയില്‍ താരം വ്യക്തമാക്കി.
സമ്ബത്തുണ്ടാക്കുന്നതിനേക്കാള് പ്രാധാന്യംനല്‍കേണ്ടത് മൂല്യമുണ്ടാക്കുന്നതിനാണെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. താനൊരു മധ്യവർത്തി ജീവിതം നയിക്കുന്നയാളാണെന്ന് എപ്പോഴും പറയാറുണ്ട്. അത് താൻ നേരിട്ട കഷ്ടപ്പാടുകളെ കാല്പനികവത്ക്കരിക്കാനല്ല. മിഡില്‍ ക്ലാസ് മൂല്യങ്ങളില്നിന്നുവരുന്ന ശക്തിയെന്താണെന്ന് ഉയർത്തിക്കാട്ടാനാണ്. മിഡില്‍ ക്ലാസ് ആയിരിക്കുന്നത് നേട്ടംതന്നെയാണ്. പണവും സമ്ബത്തും ഉണ്ടാക്കാം. പക്ഷേ മാനസികമായി മിഡില്‍ ക്ലാസ് ആയിത്തന്നെ തുടരണം. അതില്‍ തെറ്റൊന്നുമില്ലെന്നും ജോണ്‍ എബ്രഹാം അഭിപ്രായപ്പെട്ടു.
“എന്നെക്കുറിച്ച് ചില ധാരണകള്‍ സ്വയം ഉണ്ടാക്കുന്നതിനോട് താത്പര്യമില്ല. എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ലെന്ന്. ഒരു സ്യൂട്ട്കെയ്സില്‍ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറ്. ഓടിക്കാൻ ഒരു പിക്ക് അപ്പ് ട്രക്കുണ്ട്. കുറച്ച് വിലയുള്ള കാർ വാങ്ങിക്കൂടേ എന്ന് ഡ്രൈവർ ഇടയ്ക്കിടെ ചോദിക്കും. അതെന്തുകാര്യത്തിനാണെന്നാണ് ഞാൻ തിരിച്ചുചോദിക്കാറ്. ഷൂട്ടിങ്ങുള്ളപ്പോള്‍ പ്രൊഡക്ഷൻ യൂണിറ്റില്‍നിന്ന് ഇന്നോവ അയക്കും. വീട്ടില്‍നിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. പിന്നെന്തിനാണ് നാലും നാലരക്കോടിയും വിലയുള്ള കാർ വാങ്ങുന്നത്?” ജോണ്‍ എബ്രഹാമിന്റെ വാക്കുകള്‍.
ഇത്തരം ആസ്തികളോടൊന്നും കമ്ബമില്ല. ഇതൊന്നും എന്റെ ജോലിയെ ബാധിക്കുന്ന കാര്യമല്ല. എന്താണ് തന്റെ പശ്ചാത്തലമെന്നും എവിടെ നിന്നാണ് വരുന്നത് എന്നതുകൊണ്ടും പണം ചിലവഴിക്കാൻ പേടിയാണ്. ഷൂസിനും ബാഗുകള്ക്കുംവേണ്ടി ഒരുപാട് പണം മുടക്കാൻ പേടിയാണെന്നും ജോണ്‍ എബ്രഹാം കൂട്ടിച്ചേർത്തു.
നിഖില്‍ അദ്വാനി സംവിധാനംചെയ്യുന്ന വേദ ആണ് ജോണ്‍ എബ്രഹാം നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഷർവാരി ആണ് നായിക. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അഭിഷേക് ബാനർജിയാണ് വില്ലനായെത്തുന്നത്. തമന്നയും മൗനി റോയിയും ചിത്രത്തില്‍ കാമിയോ വേഷങ്ങളിലുണ്ട്. ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിലെത്തും