കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.
തര്‍ക്കമുള്ള വോട്ടുകള്‍ എണ്ണിയാല്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ആറു വോട്ടുകള്‍ക്കെങ്കിലും വിജയിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പില്‍ എണ്ണാതെ മാറ്റിവെച്ച 348 തപാല്‍ ബാലറ്റുകളെച്ചൊല്ലിയായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. ഈ ബാലറ്റുകള്‍ കൂടി എണ്ണണമെന്നും, നജീബ് കാന്തപുരത്തിന്റെ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടതു സ്ഥാനാര്‍ത്ഥി മുഹമ്മദ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.
എണ്ണാതെ മാറ്റിവെച്ച 348 പോസ്റ്റല്‍ ബാലറ്റുകള്‍ പരിശോധിച്ച കോടതി 32 എണ്ണം മാത്രമാണ് സാധുവായത് എന്നാണ് കണ്ടെത്തിയത്. ബാക്കിയുള്ളവയെല്ലാം പലവിധ കാരണങ്ങളാല്‍ അസാധുവാണെന്നും കണ്ടെത്തി. സാധുവായ 32 വോട്ടുകളും ഹര്‍ജിക്കാരനായ ഇടതു സ്ഥാനാര്‍ത്ഥിക്ക് ആണെന്ന് കണക്കാക്കിയാല്‍പ്പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി 6 വോട്ടിന് വിജയിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ഈ സാഹചര്യത്തില്‍ സാധുവാണെന്ന് കണ്ടെത്തിയ 32 വോട്ടുകളുടെ ഫലം കോടതി എണ്ണിയില്ല. സാധുവാണെന്ന് കണ്ടെത്തിയ ബാലറ്റുകള്‍ എണ്ണിയാലും തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടാകില്ല. അതിനാല്‍ ഹര്‍ജി തള്ളുകയാണെന്ന് കോടതി വിശദീകരിച്ചു. പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം 38 വോട്ടുകള്‍ക്ക് വിജയിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്.