വയനാട്: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.
ചാലിയാറില്‍ നിന്ന് അഞ്ച് ശരീരഭാഗങ്ങളും മുണ്ടക്കൈയില്‍ നിന്ന് ഒരു ശരീരഭാഗവുമാണ് ഇന്ന് ലഭിച്ചത്. സന്നദ്ധപ്രവർത്തകരെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ തിരച്ചിലാണ് ഇന്ന് നടന്നത്. ഭൗമ ശാസ്ത്രജ്ഞൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തമേഖലകളില്‍ സന്ദർശനം നടത്തി.
മുണ്ടേരിയില്‍ നിന്ന് ഉള്‍വനത്തിലേക്കും ചാലിയാർ പുഴ കേന്ദ്രീകരിച്ചും തിരച്ചില്‍ നടന്നു. തലപ്പാലി, പരപ്പൻപ്പാറ, മാങ്കയം എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് ശരീരഭാഗങ്ങള്‍ ലഭിച്ചു. മുണ്ടക്കൈയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ സ്കൂള്‍ റോഡില്‍ നിന്നും ഒരു ശരീരഭാഗം കണ്ടെത്തി. എന്നാല്‍ ഇത് മനുഷ്യ ശരീരഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്നും തിരച്ചില്‍ നടത്തിയത്.
അതേസമയം, ദുരന്തമേഖലയില്‍ ഭൗമശാസ്ത്ര സംഘത്തിന്റെ പരിശോധന തുടങ്ങി. ദുരന്തബാധിത മേഖലയിലെ പഠനത്തിന്റെ ഭാഗമായാണ് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം മുണ്ടക്കൈയിലെത്തിയത്. സംഘം മൂന്ന് ദിവസം മുണ്ടക്കൈയില്‍ പഠനം നടത്തും. പുനരധിവാസത്തിന് ഇതേ പ്രദേശം തന്നെ തിരഞ്ഞെടുക്കാൻ പറ്റുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ സംഘം പരിശോധിക്കും.
ദുരന്തം കവർന്ന പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല അട്ടമല തുടങ്ങിയ പ്രദേശങ്ങള്‍ സംഘം വിശദമായി പരിശോധിക്കും. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നീർദേശം. ഒരു ദിവസം 300 മില്ലിയേക്കാള്‍ കൂടുതല്‍ മഴ പെയ്താല്‍ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് ജോണ്‍ മത്തായി പറഞ്ഞു.