ചേലക്കര: തൃശ്ശൂർ ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ് ഷാജിത ദമ്ബതികളുടെ മകൻ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആസിം. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ ആരംഭിച്ചു.
കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു
കഴിഞ്ഞ ദിവസം ചേലക്കരയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി – ബ്രിസിലി ദമ്ബതികളുടെ ഏക മകള്‍ എല്‍വിന(10) യാണ് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച രാത്രി 9.30 യോടെയാണ് സംഭവം.
മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)