കണ്ണൂർ : ആരാണ് പോരാളി ഷാജിയെന്ന ചോദ്യവുമായി രംഗത്തുവന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് ഒടുവില്‍ പൊലീസ് തന്നെ ഉത്തരം നല്കി.
സി.പി.എം സൈബർ പോരാളിയായ വഹാബിൻ്റെ രണ്ടു മൊബൈല്‍ നമ്ബറുകളില്‍ നിന്നാണ് പോരാളി ഷാജിയെന്ന ഫെയ്സ്ബുക്ക് പേജിലേക്ക് കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റു ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഹൈകോടതി ഉത്തരവ് പ്രകാരം വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ പ്രഭവ കേന്ദ്രം തിരയുന്നതിനിടെയാണ് പോരാളി ഷാജിയെ സൈബർ സെല്‍ കണ്ടു പിടിച്ചത്.
ഇതോടെ വ്യാജ പ്രൊഫൈല്‍ പിക്ചറിനു പിന്നില്‍ വഹാബാണെന്നു തിരിച്ചറിയുകയായിരുന്നു. നേരത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പോരാളി ഷാജിയെന്ന ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഉടമ പാർട്ടി വിരുദ്ധനാണെന്ന് വിമർശിച്ചിരുന്നു. പാർട്ടിയോടൊപ്പം നേരത്തെ യുണ്ടായിരുന്ന പ്രൊഫൈല്‍ ഉടമ പാർട്ടിയെ അപകീർത്തിപ്പെടുന്ന വിധത്തില്‍ പോസ്റ്റുകള്‍ ഇടുന്നുവെന്നായിരുന്നു എം.വി ജയരാജൻ്റെ ആരോപണം.
ആരാണ് പോരാളി ഷാജിയെന്ന ചോദ്യം സ്വർണ കടത്ത് -ക്വട്ടേഷൻ വിവാദമുണ്ടായപ്പോഴാണ് സി.പി.എമ്മില്‍ നിന്നും ഉയർന്നു വന്നത്. പാർട്ടിക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന പോരാളി ഷാജിയെ കണ്ടെത്താൻ പൊലീസില്‍ തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു എം.വി ജയരാജൻ ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോരാളി ഷാജിയെ പൊലീസ് തന്നെ കണ്ടെത്തി കൈയ്യില്‍ കൊടുത്തപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിക്കെന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്.