കോഴിക്കോട്: വയനാടിന്റെ കണ്ണീരൊപ്പാൻ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി നടത്തിവരുന്ന ഫണ്ട് സമാഹരണം ഈ മാസം 31 വരെ നീട്ടാൻ അടിയന്തര നേതൃയോഗം തീരുമാനിച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.
പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് തിയ്യതി നീട്ടിയത്. വയനാടിന് വേണ്ടി 100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. വയനാട് പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി മേപ്പാടിയിൽ അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങളാണ് മുസ്ലിംലീഗിന്റെ പുനരധിവാസ ഫണ്ടിനെ സഹായിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള ധാരാളം പേർ വയനാടിന്റെ കണ്ണീരൊപ്പാനുള്ള ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.
നേരത്തെ നിശ്ചയിച്ചത് പ്രകാരം ഇന്ന് അവസാനിപ്പിക്കേണ്ട ഫണ്ട് സമാഹരണം വിവിധ മേഖലകളിൽനിന്നുള്ളവർ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓഗ്സ്റ്റ് 31 വരെ നീട്ടിയതെന്ന് പി.എം.എ സലാം പറഞ്ഞു.