✍🏼ദേശസ്‌നേഹത്തിന്റെ അമൃതാക്ഷരങ്ങള്‍ ജപമന്ത്രമാക്കി സ്വീകരിച്ച് ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കെതിരെ നടന്ന ഇന്ത്യക്കാരുടെ ഒരു പോരാട്ടമായിരുന്നു1857ലെ ഒന്നാം സ്വാതന്ത്ര്യസമരം.
എന്നാല്‍ ഈ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയോ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയോ ചെയ്തിട്ടില്ലാത്ത ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ഇന്ത്യക്കാരുടെ ഈ ബ്രീട്ടീഷ് വിരുദ്ധപോരാട്ടം ശിപായി ലഹള (The Sepoy Nutiny)യായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്.
ദേശീയ വിപ്ലവകാരികളില്‍ പ്രധാനിയായ വി.ഡി.സവര്‍ക്കര്‍ 1909-ല്‍ പ്രസിദ്ധീകരിച്ച ‘ദ ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്റന്‍സ്’ എന്ന കൃതിയാണ് 1857-ലെ ഈ സമരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരമായി വിശേഷിപ്പിച്ച പ്രഥമ ഗ്രന്ഥം. മറാത്തിയിലെഴുതിയ കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണിത്. ഈ ഗ്രന്ഥം ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിക്കുകയുണ്ടായി. 1857-ലെ സമരം ഒന്നാം സ്വാതന്ത്ര്യസമരം തന്നെയായിരുന്നുവെന്ന കാര്യത്തില്‍ ബഹുഭൂരിഭാഗം ഇന്ത്യന്‍ ചരിത്രകാരന്മാരും ഏക അഭിപ്രായക്കാരാണ്.
ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തില്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അസീസന്‍ബീഗം, സീനത്ത് മഹല്‍, ഹള്‌റത്ത് മഹല്‍ എന്നീ ധീരവനിതകളുടെ പോരാട്ടത്തിന്റെ കഥ പറയുകയാണിവിടെ.
1857-ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ധീരവനിതയായിരുന്നു അസീസന്‍ബീഗം. 1832-ല്‍ ലഖ്‌നൗവിലായിരുന്നു ജനനം. കാണ്‍പൂരിനടുത്ത് സ്ഥിതിചെയ്യുന്ന ബിദൂരിലായിരുന്നു ബാല്യകാലം. ആ കാലഘട്ടത്തില്‍ കാണ്‍പൂരിലെ രാജാവായിരുന്നു പേശ്വനാനാജിറാവു. കലയെയും സാഹത്യത്തെയും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു അദ്ദേഹം.
നാനാജിയുടെ കൊട്ടാരം പ്രതിഭാശാലികളായ കലാകാരന്മാരെ കൊണ്ട് സമ്പന്നമായിരുന്നു. അസീസന്‍ബീഗം രാജാവിന്റെ കൊട്ടാരത്തിലെ പ്രതിഭാശാലികളില്‍ സ്ഥിരാംഗമായിരുന്നു. അവിടെവെച്ച് അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ജ്വലിച്ചുനിന്ന അസീമുല്ലാഖാനുമായി പരിചയപ്പെട്ടു. അസീമുല്ലാഖാനാണ് സ്വാതന്ത്ര്യസമരമുഖത്തേക്ക് ബീഗത്തെ ക്ഷണിച്ചത്. തുടര്‍ന്ന് ധീരരായ ഒരു കൂട്ടം യുവതികളെ ബീഗം സംഘടിപ്പിച്ചു. അവരെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതാന്‍ പ്രാപ്തരാക്കി. ആയിരത്തിലധികം അംഗങ്ങള്‍ കാണ്‍പൂരിലെ സ്ത്രീ റജിമെന്റില്‍ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.
1857-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിന്റെ അലയൊലി കാണ്‍പൂരിലും ഉണ്ടായി. കാണ്‍പൂരിലെ രാജാവിന്റെ നേതൃത്വത്തില്‍ അസീമുല്ലാഖാന്‍, താന്‍തിയാതോപ്പി തുടങ്ങിയ ധീരദേശാഭിമാനികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതാനിറങ്ങിയപ്പോള്‍ അക്കൂട്ടത്തില്‍ അസീസന്‍ ബീഗവുമുണ്ടായിരുന്നു. കാണ്‍പൂരില്‍ 1857 മെയ് 10ന് നടന്ന ഒരു പോരാട്ടത്തില്‍ അസീസന്‍ ബീഗമടക്കമുള്ള ധീരരായ വനിതകളുടെ മുമ്പില്‍ ബ്രിട്ടീഷ് പട്ടാളം പരാജയപ്പെടുകയാണുണ്ടായത്.
കാണ്‍പൂരിലെ പോരാട്ടത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ടെങ്കിലും അടങ്ങിയിരിക്കാന്‍ അവര്‍ തയ്യാറായില്ല. അസീസന്‍ ബീഗത്തെ പോലുള്ള സമരനേതാക്കളെ പിടിച്ചുകെട്ടാന്‍ ബ്രിട്ടീഷ് ഭരണകൂടം വലിയ സൈന്യത്തെ ഇറക്കി. അപ്പോഴേക്കും ബീഗം ഒളിവില്‍ പോയി. ബ്രിട്ടീഷുകാര്‍ ബീഗത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അന്വേഷണത്തില്‍ അവസാനം ബിദൂരില്‍ വെച്ച് സമരനായികയെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു.
കാരാഗൃഹത്തില്‍ അടച്ച ബീഗത്തെ ബ്രിട്ടീഷ്‌സൈന്യം ക്രൂരമായി മര്‍ദ്ദിച്ചുവെങ്കിലും രാജ്യസ്‌നേഹിയായ ബീഗം സ്വാതന്ത്ര്യസമരത്തിന്റെ രഹസ്യങ്ങള്‍ വെള്ളക്കാര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
കൊടിയ മര്‍ദ്ദനം ഏറ്റപ്പോഴും സുസ്‌മേരവദനയായി അവര്‍ അതിനെ നേരിട്ടു. അസീമുല്ലാഖാനെ കുറിച്ച് വിവരം നല്‍കിയാല്‍ ഉയര്‍ന്ന ജോലിയും ശിക്ഷയില്‍ നിന്നുള്ള മോചനവും ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും സ്വന്തം നാടിനെ ഒറ്റിക്കൊടുക്കാന്‍ ആ ധീരവനിത തയ്യാറായില്ല. തുടര്‍ന്ന് ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ബ്രിട്ടീഷുകാര്‍ ബീഗത്തിന് വധശിക്ഷ വിധിച്ചു.
സര്‍ഹെന്‍ഡ്രി ഹാവ്‌ലോക് എന്ന സേനാ നായകന്റെ സാന്നിധ്യത്തില്‍ അസീസന്‍ ബീഗത്തെ വെള്ളപ്പട്ടാളം വെടിവെച്ചുകൊന്നു. അങ്ങനെ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യസാക്ഷാത്കാരത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പടപൊരുതിയ 25 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ ധീരവനിത രക്തസാക്ഷിയായി.
*** ***
1857-ലെ സ്വാതന്ത്ര്യസമരത്തില്‍ സ്മരിക്കപ്പെടേണ്ട മറ്റൊരു മുസ്‌ലിം വനിതയാണ് മുഗള്‍രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന ബഹദൂര്‍ഷായുടെ പ്രിയപത്‌നി സീനത്ത് മഹല്‍. ബഹദൂര്‍ഷാക്ക് അഭയം നല്‍കാമെന്ന വ്യാജേന വെള്ളക്കാര്‍ അദ്ദേഹത്തെയും പത്‌നിയെയും ബന്ധനസ്ഥരാക്കി ചങ്ങലയില്‍ കെട്ടി തെരുവിലൂടെ നടത്തിച്ചു. ഈ ദമ്പതികളുടെ പുത്രന്മാരായ മിര്‍സാ ഖിള്ര്‍, മിര്‍സാ മുഗള്‍, മിര്‍സാ അബൂബക്ര്‍ എന്നിവരുടെ ശിരസ്സ് അറുത്ത് രാജാവ് ബഹദൂര്‍ഷാക്ക് ഭക്ഷണം നല്‍കുന്ന തളികയില്‍ വെച്ച് കൊടുത്തു. തളിക തുറന്ന രാജാവ് ഞെട്ടിപ്പോയി..!! ഇത്തരം കിരാതമായ ആക്രമണങ്ങള്‍ ബഹദൂര്‍ഷാക്കും പത്‌നിക്കും നേരെ അഴിച്ചുവിട്ട വേളകളിലെല്ലാം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ നിന്ന് ഒരടി പിന്‍മാറാന്‍ ധീരവനിതയായ സീനത്ത്മഹല്‍ തയ്യാറായില്ല.
കോളനി വാഴ്ചക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി സീനത്ത് മഹലിനെയും ബഹദൂര്‍ഷായെയും ബ്രിട്ടീഷ് ഭരണകൂടം 1858 ഒക്ടോബര്‍ 17-ന് റങ്കൂണിലേക്ക് നാടുകടത്തി. തുടര്‍ന്ന് ബഹദൂര്‍ഷാ ഏകാന്തതടവില്‍ വെച്ച് 1868 നവംബര്‍ 7ന് മരണമടഞ്ഞു. 1857-ലെ സ്വാതന്ത്ര്യസമരത്തില്‍ ജ്വലിച്ചുനിന്ന സീനത്ത് മഹല്‍ 1886 ജൂലൈ 17-ന് കാലഗതി പ്രാപിച്ചു.
*** ***
അവധിലെ ഭരണാധികാരിയായിരുന്ന വാജിദ് അലി ശാഹിയുടെ പ്രിയപത്‌നി ഹള്‌റത്ത് മഹല്‍ എന്ന ധീരവനിതയാണ് ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത മറ്റൊരു വീരതാരകം. അവരുടെ ഭര്‍ത്താവ് വാജിദ് അലി ശാഹ് ജനക്ഷേമം ലക്ഷ്യമാക്കി ഭരണം നടത്തുന്ന വേളയിലാണ് അവധിലെ ഭരണ സാരഥ്യത്തില്‍നിന്നു ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ പുറത്താക്കിയത്. പുറത്താക്കപ്പെട്ട ശാഹിയെ കല്‍ക്കത്തയിലേക്ക് നാടുകടത്തി അവിടെ തടവിലാക്കി.
തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ട വീഥിയില്‍ തിളങ്ങിനിന്നത് ശാഹിയുടെ പത്‌നി ഹള്‌റത്ത് മഹലായിരുന്നു.
നാനാസാഹിബിനോട് ചേര്‍ന്നാണ് ബീഗം തന്റെ സൈന്യത്തിന് നേതൃത്വം കൊടുത്തത്. ഭര്‍ത്താവിന്റെ അഭാവത്തില്‍ കേവലം 11 വയസ്സ് മാത്രം പ്രായമുള്ള മകള്‍ ബീര്‍ജിസിനെ അവധിലെ ഭരണാധികാരിയായി അവര്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ ഒന്നടങ്കം ഹര്‍ഷാരവത്തോടെ അത് അംഗീകരിച്ചു. തുടര്‍ന്ന് ആ വീരാംഗന അവധിനെ വെള്ളക്കാരില്‍നിന്നു മോചിപ്പിക്കാന്‍ യുദ്ധരംഗത്തേക്ക് ഇറങ്ങി. അവരുടെ നേതൃത്വത്തില്‍ 7 ലക്ഷം സൈനികര്‍ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. 1857 മെയ് 17ന് ലഖ്‌നൗവില്‍ വെച്ച് അവരുടെ നേതൃത്വത്തിലുള്ള സൈന്യം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. ബീഗത്തിന്റെ വെട്ടേറ്റ് അനേകം വെള്ളപ്പട്ടാളക്കാര്‍ നിലംപതിച്ചു. യുദ്ധത്തിന്റെ പ്രഥമഘട്ടത്തില്‍ ബീഗത്തിന്റെ സൈന്യം മുന്‍കൈ നേടിയെങ്കിലും വൈകുന്നേരമായപ്പോഴേക്കു ബ്രിട്ടീഷുകാരുടെ ആയുധങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ സൈന്യത്തിനു പിടിച്ചുനില്‍ക്കാനായില്ല.
പരാജയപ്പെട്ടെങ്കിലും അടങ്ങിയിരിക്കാന്‍ ആ ധീരവനിത തയ്യാറായില്ല. തുടര്‍ന്ന് ഗറില്ലാ മുറയില്‍ അവര്‍ സമരം നയിച്ചു. ബുല്‍ജിയില്‍ വെച്ച് മഹലിന്റെ സൈന്യം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. മൂന്നുദിവസം നീണ്ടുനിന്ന പോരാട്ടത്തിലും ബീഗത്തിനു വിജയിക്കാനായില്ല. അവര്‍ പിടികൂടി കാരാഗൃഹത്തില്‍ അടക്കാനായിരുന്നു വെള്ളക്കാരുടെ തീരുമാനം.
ഈ തീരുമാനം മണത്തറിഞ്ഞ അവര്‍ നേപ്പാളിലേക്ക് രക്ഷപ്പെട്ടു. പിന്നീട് അവിടെയാണ് അവരും കുടുംബവും ജീവിച്ചത്. മാതൃഭൂമിയുടെ മോചനത്തിന് വേണ്ടി അവിരാമം പോരാടിയ അവര്‍ 1879-ല്‍ നേപ്പാളില്‍ മരണപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വീരേതിഹാസങ്ങള്‍ രചിച്ച വീരതാരകം കാഠ്മണ്ഡു സിനറി മസ്ജിദിനടുത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിസ്തുലമായ പങ്ക് വഹിച്ച് 1858 ജൂണ്‍ 17ന് അടര്‍ക്കളത്തില്‍ വീരമൃത്യുവരിച്ച ത്സാന്‍സി റാണിയെ പോലെ തന്നെ ഉന്നത സ്ഥാനമുള്ളവരാണ് അസീസന്‍ ബീഗം, സീനത്ത് മഹല്‍, ഹള്‌റത്ത് മഹല്‍ എന്നീ ധീരവനിതകളും. എന്നാല്‍ മുസ്‌ലിം വനിതകളായതുകൊണ്ട് മാത്രം ചരിത്രകാരന്മാര്‍ ഇവരെ ഒന്നാം സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഉയര്‍ത്തിക്കാണിക്കാതിരുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്.
✍🏼മുജീബ് തങ്ങള്‍ കൊന്നാര്_