കാഞ്ഞങ്ങാട് : ടർഫുകളില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഹോസ്ദുർഗ് പോലീസ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങള്‍ തടയാനും ലഹരി മാഫിയയുടെ പ്രവർത്തനങ്ങള്‍ക്ക് തടയിടാനുമാണ് നടപടി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ടർഫുകളെ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.
പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികള്‍ക്ക് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ടർഫില്‍ പ്രവേശനം നിരോധിച്ചു. രാത്രി സമയത്ത് ടർഫില്‍ എത്തുന്ന സ്കൂള്‍ കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തും. ടർഫില്‍ കളിക്കുന്നവരുടെ അഡ്രസ് പ്രൂഫും മേല്‍വിലാസവും ഉള്‍പ്പെടുത്തിയ രജിസ്റ്റർ നിർബന്ധമാക്കി. ടർഫില്‍ കളിക്കാരെയും ടീം മാനേജർമാരെയും മാത്രമേ പ്രവേശിപ്പിക്കൂ. എല്ലാ ടർഫുകളിലും സിസിടിവി ക്യാമറ നിർബന്ധമാക്കി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് എസ്‌എച്ച്‌ഒ അജിത്കുമാർ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫീസർ പ്രമോദ് ടി വി സ്വാഗതം പറഞ്ഞു.
ഈ നടപടികളിലൂടെ ടർഫുകളില്‍ സംഭവിക്കുന്ന അക്രമങ്ങള്‍ തടയാനും ലഹരി വ്യാപനം തടയുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്കൂള്‍ കുട്ടികളെ ദുശ് ചര്യകളില്‍ നിന്ന് സംരക്ഷിക്കുകയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങള്‍ തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.