ബംഗളുരു: പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ചയാണ് ബംഗളുരുവിലെ ജെ.പി നഗറില്‍ പൊട്ടിത്തെറിയുണ്ടായത്
ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് സംഭവം അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസിയാണ് പാചകത്തിനിടെ സംഭവിച്ച അപകടമാണെന്ന് കണ്ടെത്തിയത്.
എട്ട് വർഷമായി ബംഗളുരുവില്‍ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയളായ സമീർ, മുഹ്സിൻ എന്നിവരുടെ താമസ സ്ഥലത്തായിരുന്നു സ്ഫോടനം. ബാർബർമാരായി ജോലി ചെയ്യുന്ന ഇവർ കടയുടെ മുകളിലെ 100 ചതുരശ്ര അടി വിസ്തീർണമുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ചെറിയ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് പ്രഷർ കുക്കറില്‍ പാചകം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ സ്റ്റൗവില്‍ നിന്ന് തീപടർന്ന് മറ്റിടങ്ങളും കത്തി.
മുറിയിലെ ഭൂരിഭാഗം സാധനങ്ങളും തീപിടുത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. പൊലീസും എൻഐഎ സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പുത്തനഹള്ളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. പൊള്ളലേറ്റ് ചികിത്സയിലുള്ള രണ്ടാമന്റെ ആരോഗ്യനില ഗുരുതരമാണ്