കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.
മുജീബുറഹ്മാൻ. വോട്ട് ബങ്കിനെ മാത്രം മുൻനിർത്തി വർഗീയ ധ്രുവീകരണം നടത്തുന്ന ഇത്തരം നടപടികള്‍ മാപ്പർഹിക്കാത്തതാണെന്നും സി.പി.എം പോലെ ഉത്തരവാദിത്തപ്പെട്ട, മതേതര രാഷ്ട്രീയ കക്ഷിയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാത്തതാണെന്നും പറഞ്ഞു.
സംഭവത്തില്‍ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണമെന്നും മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.
അതിനിടെ ‘കാഫിർ സ്ക്രീൻഷോട്ട്’ ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നിട്ടും പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യാത്ത സി.പി.എം ഏരിയാ സെക്രട്ടറിയുടെ നടപടി വീണ്ടും വിവാദമാവുകയാണ്.
പയ്യോളി ഏരിയാ സെക്രട്ടറി എം.പി. ഷിബുവാണ് സ്ക്രീൻഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്ബ് ഏപ്രില്‍ 25ന് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോഴും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.