പാണക്കാട്: പരേതനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സ്മരിക്കുന്ന വിധത്തില്‍ ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ‘ഇസാദ് 2024’ പദ്ധതിക്ക് തുടക്കമായി.
പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പദ്ധതിയുടെ ലോഗോ ലോഞ്ച് ചെയ്ത് ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യവും സഹജീവി സ്നേഹവും മലയാളികളെ പഠിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ പേരിലുള്ള ഈ പദ്ധതിയിലൂടെ ആയിരക്കണക്കിനു ആളുകള്‍ക്ക് തണലേകിയ ബൈത്തു റഹ്മ ഭവന പദ്ധതി, ആരോരുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനമായ പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയർ സംവിധാനം തുടങ്ങി നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്ക് രൂപം നല്കുന്നതിനു നേതൃത്വം നല്കിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മലയാള ജനത എന്നും സ്മരിക്കുക തന്നെ ചെയ്യും. പരസഹായത്തിന്റെയും സ്നേഹത്തിന്റെയും ഉദാത്ത മാതൃക സമ്മാനിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഇസാദ് പദ്ധതിയിലൂടെ ഹൈദരലി തങ്ങളുടെ സേവനപ്രവർത്തനങ്ങള്‍ എല്ലാവർക്കും പ്രചോദനമാകട്ടെ എന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കാസർകോട് ജില്ലയിലെ പല ഭാഗത്തും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരെ കണ്ടെത്തി അവരുടെ അവശതകളില്‍ ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ‘ഇസാദ് 2024’ പദ്ധതി മാരകമായ രോഗങ്ങളിലൂടെ കടന്ന് പോകുന്ന രോഗികള്‍ക്ക് സാന്ത്വനമാകും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഹെല്‍ത്ത് ആൻഡ് വെല്‍നെസ്സ് കെയർ പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാൻസർ, വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന നിരാലംബരായ രോഗികള്‍ക്ക് സാന്ത്വനം നല്കി അത് വഴി അവർക്കും അവരുടെ കൂടുംബത്തിനും സമാശ്വാസം നല്കാൻ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് ഇസാദ് 2024. പ്രതീക്ഷകളത്രയുമറ്റവരുടെ ജീവിതത്തില്‍ സാന്ത്വനത്തിൻ്റെ ഒരു ചെറിയ കണികയാവാനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ജില്ലാ മുസ്ലിം ലീഗുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായങ്ങള്‍ അഞ്ച് മണ്ഡലത്തിലെയും അർഹരായ ആളുകളിലേക്ക് എത്തിക്കുന്ന വിധത്തിലാണു പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഹിമായ, ഇഫാദ, സഹാറ തുടങ്ങിയ വ്യത്യസ്തമായ ജീവകാരുണ്യ സേവന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച ജില്ലാ കമ്മിറ്റിയുടെ ഈ പുതിയ ചികിത്സാ സഹായ പദ്ധതിക്ക് കീഴിലായി അഞ്ച് മണ്ഡലങ്ങളില്‍ നിന്നുമായി ആദ്യ ഘട്ടത്തില്‍ അർഹരായ 75 പേർക്ക് ആദ്യഘട്ടം 15 ലക്ഷം രൂപ ചികിത്സാ സഹായം ലഭ്യമാക്കി കൊടുക്കും.
ഹൃദ്രോഗികളും വൃക്ക രോഗികളും പേരുകിക്കൊണ്ടിരിക്കുന്ന കാലമാണിത്. ചികിത്സക്ക് ഭാരിച്ച സാമ്ബത്തിക ചിലവുകള്‍ ആവശ്യമായി വരുന്നു. നിത്യ ജീവിതത്തിനു തന്നെ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് കെഎംസിസി നടപ്പാക്കുന്ന ഈ സംരംഭം വളരെ ഏറെ ഉപകരിക്കപ്പെടുമെന്ന് പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സംബന്ധിച്ച മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങള്‍ എം എല്‍ എ, പിഎം എ സമീർ, അബ്ദുല്ല ആറങ്ങാടി, ദുബൈ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആർ, കെ പി അബ്ബാസ് കളനാട്, എം എസ് ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.