റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജീവന് അപകടമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും ഉപകരണങ്ങളും വിറ്റാല്‍ ഇനി കടുത്ത ശിക്ഷ.
ഇതിനായി നിലവിലുള്ള സുരക്ഷാ നിയമങ്ങളില്‍ സൗദി മന്ത്രിസഭ മാറ്റം വരുത്തി. ഗുണനിലവാരം പരിശോധിക്കുന്ന അതോറിറ്റിയുടേയും ഭരണകൂടത്തിന്റേയും പ്രതിനിധികള്‍ സഹകരിച്ച് വിപണിയില്‍ ഇതിനായി പരിശോധന നടത്തും.
ഉല്‍പ്പന്നങ്ങളുടെ സുരക്ഷ, ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഭേദഗതി.
സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം ഭേദഗതി അംഗീകരിച്ചിരുന്നു. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, പ്രൊഡക്റ്റ് സേഫ്റ്റി ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റി രൂപികരിക്കും.
ഗവണ്‍മെൻറ് ഏജൻസികളില്‍ നിന്നുള്ള പ്രതിനിധികളടങ്ങുന്നതായിരിക്കും പുതിയ കമ്മിറ്റി. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നിയമലംഘനങ്ങള്‍ പരിശോധിക്കുക.
ഉല്‍പ്പന്ന സുരക്ഷ, വിപണി നിരീക്ഷണം എന്നിവക്കായി ഗവണ്‍മെൻറ് ഏജൻസികളും സ്വകാര്യ മേഖലയും തമ്മില്‍ ഒരുമിച്ച് പ്രവർത്തിക്കാനുള്ള പദ്ധതികളും തയ്യാറാക്കും. ഉല്‍പ്പന്ന സുരക്ഷാ നയങ്ങളുടെ വിപുലീകരണം, നിയന്ത്രണങ്ങള്‍, മാനദണ്ഡങ്ങള്‍, മാർഗ്ഗനിർദ്ദേശങ്ങള്‍ എന്നിവ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും