കണ്ണൂർ : സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂള്‍ നാഷണല്‍ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയർമാർക്ക് വേണ്ടി സ്വാതന്ത്ര്യ ദിനത്തില്‍ കൊക്കെഡാമ ശില്‍പ്പശാല സംഘടിപ്പിച്ചു.
പ്രകൃതി മനുഷ്യൻ്റേതല്ല, മനുഷ്യൻ പ്രകൃതിയുടേതാണ് എന്ന സന്ദേശം ഉയർത്തി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത് . കൊക്കോഡാമ ഒരു ജപ്പാനീസ് പൂന്തോട്ട നിർമ്മാണ രീതിയാണ്. ചെടിച്ചട്ടി ഇല്ലാതെ പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വളരെ കുറച്ച് വിഭവങ്ങള്‍ മാത്രം ഉപയോഗിച്ച് പൂന്തോട്ടം തയ്യാറാക്കുന്നതാണ് ഈ രീതി.
മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും മിശ്രിതമാക്കി വെള്ളം ചേർത്ത് കുഴച്ച് ഗോള രൂപത്തില്‍ ആക്കി അതില്‍ ചെടി നട്ടുപിടിപ്പിച്ച് അതിനുചുറ്റും പായല്‍ വെച്ചു പിടിപ്പിക്കുന്ന രീതിയാണ് കൊക്കെ ഡാമ അഥവാ പായല്‍ പന്ത്.
പ്രകൃതിയും മനുഷ്യനും തമ്മില്‍ ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രസക്തമാണെന്ന് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്താൻ വർക്ക് ഷോപ്പിന് സാധിച്ചു.
സ്വാതന്ത്ര്യ ദിനത്തില്‍ ദേശഭക്തി ഗാന മല്‍സരവും സംഘടിപ്പിച്ചിരുന്നു.
പ്രിൻസിപ്പാള്‍ ഫിറോസ് ടി അബ്ദുള്ള, പ്രോഗ്രാം ഓഫീസർ പി.വി മുഹമ്മദ് അഷ്റഫ്, അധ്യാപകരായ എൻ അബ്ദുല്‍ കരീം, കെ.ടിപി മുഹമ്മദ് യൂനുസ് , പി അനിത ,മൊയ്തു പാറമ്മല്‍ എന്നിവർ സംബന്ധിച്ചു