തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. മലയാള സിനിമയില്‍ “കാസ്റ്റിംഗ് കൗച്ച്” ഉള്ളതായി നടിമാർ മൊഴി നല്‍കിയിട്ടുണ്ട്.
വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്ന് ഒന്നിലധികം നടിമാർ മൊഴി നല്‍കിയിട്ടുണ്ട്. വിട്ടുവിഴ്ചയ്ക്ക് തയ്യാറാകാത്തവർക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.
സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡു പേരുകളിലാണ്. സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരുമുണ്ട്. ക്രിമിനലുകളാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നൊക്കെയാണ് നടിമാർ മൊഴി നല്‍കിയിരിക്കുന്നത്.
വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. അവസരം നഷ്ടപ്പെടുന്നതിനൊപ്പം വ്യക്തിഹത്യയുമുണ്ടാകും. പരാതി പറഞ്ഞാല്‍ കുടുംബക്കാരെയും ഭീഷണിപ്പെടുത്തും.
നായികമാർ ഒഴികെയുള്ളവർക്ക് കാരവാൻ ഇല്ല. സിനിമയില്‍ പുറമെയുള്ള തിളക്കം മാത്രമേയുള്ളൂ. റിപ്പോർട്ടിലെ 55, 56 പേജുകളിലാണ് നടുക്കുന്ന വിവരങ്ങള്‍ ഉള്ളത്.
അമ്ബത്തിയൊന്ന് പേരാണ് മൊഴി നല്‍കിയത്. പല തരത്തിലുള്ള ഇടനിലക്കാർ സെറ്റുകളിലുണ്ടെന്ന് മൊഴി നല്‍കിയവരുണ്ട്. മേഖലയില്‍ അടിമുടി സ്ത്രീ വിരുദ്ധതയുണ്ട്. നടിമാരുടെ മുറിയുടെ വാതിലില്‍ മുട്ടുന്നത് പതിവാണ്. ഐ സി സികള്‍ പേരിന് മാത്രമാണ്.
നടിമാർ മാത്രമല്ല, രക്ഷിതാക്കളും ബന്ധുക്കളും വഴങ്ങേണ്ടിവരുന്നുവെന്നും മൊഴി നല്‍കിയവരുണ്ട്. പേടിയോടെയാണ് നടിമാർ മൊഴി നല്‍കിയത്. വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയെന്നാണ് കമ്മിറ്റി പറയുന്നത്