ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം, ഫോട്ടോഗ്രാഫർമാരുടെ ദിനം. ഒരു നല്ല ചിത്രം ആയിരം വാക്കുകൾക്ക് മൂല്യമുള്ളതാണ്. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവൺമെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളിൽ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമർപ്പിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്.
ലൂയി ടെഗ്വരെ എന്ന ഫ്രഞ്ചുകാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കാണുന്നത്. ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രനേട്ടം എന്നതിലുപരി കടന്നുപോകുന്ന ഓരോ നിമിഷവും പകർത്തിവെക്കപ്പെടുന്നതിൽ മനുഷ്യന്റെ സന്തത സഹചാരികൾ കൂടി ആകുകയാണ് ഇന്ന് ക്യാമറകൾ.
1826ൽ ജോസഫ് നീസ് ഫോർ നീപ്‌സ് ക്യാമറയിൽ വീഴുന്ന പ്രതിബിംബത്തിന്റെ ചിത്രം പകർത്തി. ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലെ ഏറ്റവും വഴിത്തിരിവായിരുന്നു ഇത്. ജനാലയിൽ നിന്നുള്ള കാഴ്ചയാണ് ചരിത്രത്തിലെ ആദ്യത്തെ ഫൊട്ടോ. ടാർ പുരട്ടിയ പ്യൂട്ടർ പ്ലേറ്റിലൂടെ പകർത്തിയ ഈ ചിത്രം എടുക്കാൻ എട്ടുമണിക്കൂറാണ് വേണ്ടി വന്നത്.
മഹേഷിൻറെ പ്രതികാരം ചിത്രത്തിൽ പറയുന്നതുപോലെ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല പക്ഷേ പഠിക്കാൻ പറ്റും. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരുടെ മനസ്സിലേക്ക് തുളഞ്ഞു കയറിയ ഒരു ഡയലോഗ് ആയിരുന്നു അത്. പലർക്കും ഫോട്ടോഗ്രാഫി ഇന്നൊരു വികാരമാണ്.
ചുവരുകളും മെറ്റൽ പ്രതലങ്ങളും ഫോട്ടോ പതിപ്പിക്കാനുള്ള മാധ്യമങ്ങളായിരുന്നു എന്ന അവസ്ഥയിൽ നിന്നും ഫിലിം ഉള്ള ക്യാമറയിലേക്കും, നെഗറ്റീവ് ടു പോസിറ്റീവ് പ്രൊസെസ്സിലേക്കും പിന്നെ നാളുകൾക്കിപ്പുറം ഫിലിം ഇല്ലാത്ത ഡിജിറ്റൽ ക്യാമറ യിലേക്കും ഈ വിദ്യ വികസിച്ചിരുന്നു.
ഇന്ന് മൊബൈൽ ഫോണിൽ വരെ എട്ട് മെഗാപിക്സൽ ക്യാമറകൾ സാധാരണമാണ്.ലോകത്തിന്റെ ഏതു കോണിൽ നടക്കുന്ന ചെറു ചലനങ്ങൾ പോലും വീട്ടിലെ ടിവി സ്‌ക്രീനിൽ തത്സമയം ദർശിക്കുന്ന തലം വരെ ഫോട്ടോഗ്രാഫി വളർന്നിരിക്കുന്നു. ഇപ്പോഴത്തെ കാലത്ത് മറ്റേതൊരു കാലയേക്കാളും വളരുകയും അംഗീകാരം നേടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാണ് ഫോട്ടോഗ്രാഫി. ശാസ്ത്രത്തിന് ലഭിച്ച എക്കാലത്തെയും മികച്ച കണ്ടുപിടുത്തം തന്നെയായിരുന്നു ക്യാമറയുടേത്.
ക്യാമറയിൽ പതിയുന്ന ഓരോ ചിത്രത്തിനും ഒരുപാട് കഥകൾ പറയാനുണ്ടാകും, സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും, ദുരന്തത്തിന്റെയും, യുദ്ധത്തിന്റെയും, മരണത്തിന്റെയും കഥകൾ.
21 ആം നൂറ്റാണ്ടിലാണ് ആദ്യ ഡിജിറ്റൽ ക്യാമറയുടെ കണ്ടുപിടുത്തം. തുടർന്ന് ഇന്നുവരെ ലോകത്തെ ഞെട്ടിച്ച മാറ്റങ്ങളാണ് ഫോട്ടോഗ്രഫിയിൽ ഉണ്ടായത്.
അതേസമയം ഫോട്ടോഗ്രാഫിയിൽ കഴിവ് തെളിയിച്ച നിരവധി ഫോട്ടോഗ്രഫർമാരും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്, വിയറ്റ്‌നാം ഭീകരതയെ പകർത്തിയ നിക്കൂട്ട്, പട്ടിണിയും മരണവും ഒരുപോലെ കാണിച്ചുതന്ന കെവിൻ കാർട്ടർ, തുടങ്ങി നിരവധി പേർ അതിന് ഉദാഹരണമാണ്. ആധുനികതക്കൊപ്പം സാങ്കേതികതയും വളരുന്ന കാലത്ത് ഫോട്ടോഗ്രഫിയും ഏറെ മാറിയിരിക്കുന്നു, ഒപ്പം ക്യാമറയും.
ക്യാമറകൾ ഇന്ന് ജീവിതത്തിന്റെ ഭാഗമാകുമ്പോൾ മൊബൈൽ ക്യാമറയിൽ സെൽഫികളിൽ ജിവിതത്തിന്റെ ഓരോ സെക്കന്റും പകർത്തപ്പെടുമ്പോൾ ക്യാമറയെ നെഞ്ചോട് ചേർത്തവരെയും ഫോട്ടോഗ്രഫിക്കായി ജീവത്യാഗം വരിച്ചവരെയും സ്മരിക്കുവാനും ഈ ദിനം ഓർമ്മപ്പെടുത്തുന്നു.
ഫോട്ടോഗ്രഫിക്ക് ഇന്ന് കലയുടെ മാനവും വന്നുചേർന്നിരിക്കുന്നു. വരാനിരിക്കുന്ന പുത്തൻ ഉണർവുകൾക്കായും കലാകാരൻമാർക്കായും ഫോട്ടോഗ്രഫിയുടെ ലോകത്തെ അനന്തസാധ്യതകളും കാത്തിരിക്കുകയാണ്.
ഫോട്ടോഗ്രാഫി എന്ന കലയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന എല്ലാവർക്കും ലോകഫോട്ടോഗ്രാഫി ദിനാശംസകൾ.