കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയരക്ടറുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ സഹിതം ചന്ദ്രികയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജർ നജീബ് ആലിക്കല്‍ പോലീസില്‍ പരാതി നല്കി.
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കും ഡി.ജി.പിക്കും സൈബർ സെല്ലിനുമാണ് പരാതി നല്‍കിയത്.
മുസ്ലിംലീഗ് പ്രഖ്യാപിച്ച പുനരധിവാസ ഫണ്ട് ചന്ദ്രികയുടെ ശമ്ബള കുടിശ്ശിക തീർക്കാൻ ഉപയോഗിക്കുമെന്ന രീതിയിലുള്ള വ്യാജ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
മുസ്ലിംലീഗ് പ്രസ്ഥാനത്തെയും സാദിഖലി ശിഹാബ് തങ്ങളെയും ചന്ദ്രിക ദിനപത്രത്തെയും അപകീർത്തിപ്പെടുത്തുന്ന വ്യാജ പ്രചാരണം സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുക, സംഘർഷമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണെന്നും ഇതിന് പിന്നില്‍ ശക്തമായ ആസൂത്രണം സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞു.
പോസ്റ്റർ നിർമ്മിച്ചവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ ഐ.ടി ആക്ട് പ്രകാരവും ക്രിമിനല്‍ നടപടി പ്രകാരവും കേസെടുത്ത് ശിക്ഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ഇ. മെയില്‍ വഴി സംസ്ഥാന പോലിസ് മേധാവിക്കും ചന്ദ്രിക പരാതി നല്‍കിയിട്ടുണ്ട്