പിറന്ന നാടിനെയും അന്നം തരുന്ന നാടിനെയും ഒരുപോലെ ചേര്‍ത്തു പിടിക്കുന്നവരാണ് മലയാളികള്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അടക്കം വസിക്കുന്ന മലയാളികള്‍ പല രീതിയില്‍ തങ്ങളുടെ രാജ്യ സ്നേഹം കാണിക്കാറുണ്ട്.
അടുത്തിടെയാണ് രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പ്രവാസ ലോകവും സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. അതില്‍ നെറ്റിസണ്‍സിന്റെ ശ്രദ്ധ കവര്‍ന്നത് യുഎഇയില്‍ വെച്ച് തന്റെ ടെസ്ല സൈബര്‍ട്രക്ക് ത്രിവര്‍ണത്തില്‍ അലങ്കരിച്ച ഒരു മലയാളി യുവാവാണ്. ദേശീയ മാധ്യമങ്ങള്‍ അടക്കം മലയാളിയായ ഇഖ്ബാല്‍ ഹത്ബൂറിന്റെ പ്രവര്‍ത്തി വാര്‍ത്തയാക്കിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ച ഒരു ആഘോഷമായിരുന്നു. ജനങ്ങള്‍ പല രീതിയില്‍ ദിനം കൊണ്ടാടിയപ്പോള്‍ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംരംഭകനായ ഇഖ്ബാല്‍ അതുല്യമായ രീതിയില്‍ തന്റെ രാജ്യ സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ സ്വദേശിയാണ് ഇഖ്ബാല്‍. ടെസ്ല സൈബര്‍ട്രക്ക് ഇവി ഇന്ത്യന്‍ പതാകയുടെ നിറത്തില്‍ റാപ്പ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.
കറുത്ത തുണി കൊണ്ട് മൂടിയ ടെസ്ല സൈബര്‍ട്രക്ക് ട്രെയിലറില്‍ വരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. തുണി നീക്കിക്കൊണ്ട് ഇഖ്ബാല്‍ വാഹനം വെളിപ്പെടുത്തി. വിശദമായ കാഴ്ചയില്‍ ട്രക്കിന്റെ മുന്നിലും പിന്നിലും ത്രിവര്‍ണ പതാക കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ 78-ാം സ്വാതന്ത്ര്യ ദിനാശംസകള്‍ ഇംഗ്ലീഷില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
വാഹനത്തിന്റെ വശങ്ങളിലും സമാനമായ സ്റ്റിക്കര്‍ കാണാം. 22.6 ദശലക്ഷം ആളുകളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. 2.3 ദശലക്ഷം പേര് വീഡിയോക്ക് ലൈക്ക് ചെയ്തു. ഇതോടൊപ്പം സൈബര്‍ ട്രക്ക് സ്റ്റിക്കര്‍ പതിച്ച് രൂപമാറ്റം വരുത്തുന്നതിന്റെ വീഡിയോയും പ്രവാസി ഇന്‍സ്റ്റയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചു
മുമ്ബ് ദേശീയദിനത്തില്‍ യുഎഇ പതാക തന്റെ കാറില്‍ അലങ്കരിച്ചും ഇഖ്ബാല്‍ ശ്രദ്ധേയനായിരുന്നു. ഒരു പതിറ്റാണ്ടിലേറെ കാലമായി ഇഖ്ബാല്‍ ഈ പതിവ് തുടരുന്നു. ഇക്കഴിഞ്ഞ ദേശീയ ദിനത്തില്‍ തന്റെ റോള്‍സ് റോയ്സ് കലിനന് ആയിരുന്നു ഇഖ്ബാല്‍ യുഎഇ ദേശീയ പതാക കൊണ്ട് അലങ്കരിച്ചത്. പതാക പുതപ്പിച്ചതിനൊപ്പം ഗോള്‍ഡ് കോയിന് കൊണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നു.
ടെസ്ല സൈബര്‍ട്രക്കിനെ കുറിച്ച് പറയുമ്ബോള്‍ ആഗോള വിപണിയിലെ സവിശേഷ വാഹനങ്ങളില്‍ ഒന്നായ ഇത് 2019-ലാണ് അവതരിപ്പിക്കപ്പെട്ടത്. സ്ട്രെയിറ്റ് ലൈനുകളും ഷാര്‍പ്പ് എഡ്ജുകളുമുള്ള ഈ ഇവി സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ബോഡി ബുള്ളറ്റ്പ്രഫാണെന്ന് മാത്രമല്ല ഏറെ കാലം ഈട് നില്‍ക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു
കൂടാതെ, ഷോക്ക് പ്രൂഫ് വിന്‍ഡോകളും വിന്‍ഡ്ഷീല്‍ഡും ടെസ്ല സൈബർട്രക്കിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. ഡ്യുവല്‍-മോട്ടോര്‍, ട്രൈ-മോട്ടോര്‍ പതിപ്പുകളില്‍ വാഗ്ദാനം ചെയ്യുന്ന ടെസ്ല സൈബര്‍ട്രക്ക് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുന്നു. ഡ്യുവല്‍-മോട്ടോര്‍ മോഡല്‍ 3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കുന്നു.
അതേസമയം സൈബര്‍ബീസ്റ്റ് എന്നറിയപ്പെടുന്ന ട്രൈ-മോട്ടോര്‍ പതിപ്പ് ഇത് വെറും 2.6 സെക്കന്‍ഡിനുള്ളില്‍ ഈ വേഗത തൊടും. ഓള്-വീല്‍-ഡ്രൈവ് വേരിയന്റ് ഒറ്റ ചാര്‍ജില്‍ ഏകദേശം 547 കിലോമീറ്റര്‍ റേഞ്ച് നല്കുന്നു. അതേസമയം 514 കിലോമീറ്ററാണ് സൈബര്ബീസ്റ്റിന്റെ റേഞ്ച്. ഇവിയുടെ റേഞ്ച് വര്‍ധിപ്പിക്കാന്‍ ഓപ്ഷനലായി എക്സ്റ്റെന്‍ഡര്‍ ബാറ്ററി പായ്ക്കുകളും ലഭ്യമാണ്.
ഏതായാലും ഇഖ്ബാല്‍ ഹത്ബൂറിന്റെ ഈ അതുല്യമായ ആഘോഷം ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം പ്രകടിപ്പിക്കുക മാത്രമല്ല സാങ്കേതികവിദ്യയും ദേശസ്നേഹവും എങ്ങനെ തടസമില്ലാതെ ലയിപ്പിക്കാമെന്ന് എടുത്തുകാണിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായ അഭിനന്ദനം ലഭിച്ചതോടൊപ്പം സ്വതന്ത്ര ഇന്ത്യക്കായുള്ള അവിസ്മരണീയമായ ആദരമായും മാറി.