കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഞെട്ടലില്‍ ആണ് കേരളക്കര. എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് ഇത്രയും നാള്‍ വെളിച്ചം കാണാതിരുന്നത് എന്നതിനുള്ള ഉത്തരവും റിപ്പോർട്ടില്‍ കാണാൻ സാധിക്കും.
സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എല്ലാം കമ്മിറ്റിയെ ഞെട്ടിച്ചെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ആണ് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ ധാരണയില്ല എന്നും റിപ്പോര്‍ട്ട് വിശദമായി പഠിച്ച് മറുപടി പറയുമെന്നും സിദ്ധിഖ് പ്രതികരിച്ചു. അമ്മ ഷോ റിഹേഴ്‌സല്‍ തിരക്കിലാണ് തങ്ങള്‍ എന്നും അതിനാണ്. പ്രധാന്യം കൊടുക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് സംഘടനകളുമായി ചേര്‍ന്ന് ആലോചിച്ച ശേഷം അമ്മ പ്രതികരിക്കും. വളരെ സെന്‍സിറ്റീവായി കൈകാര്യം ചെയ്യേണ്ട വിഷയം. വിശദമായി പഠിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. എന്ത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടതെന്നും ആര്‍ക്കെതിരെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. എന്തെങ്കിലും അറിഞ്ഞ് പ്രതികരിക്കാന്‍ സാധിക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു.
ളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇത്രയും കാലം വെളിച്ചം കാണാതിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോള്‍ എല്ലാവരും അറിയുന്നത്. സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ പലതും കേട്ട് കമ്മിറ്റി ഞെട്ടിപ്പോയി എന്നും മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങുന്നത് തന്നെ ഇങ്ങനെ ആണ് :- തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തില്‍ അങ്ങനെയല്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്.
സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാൻ സ്ത്രീകള്‍ക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലില്‍ ശക്തിയായി ഇടിക്കാറുണ്ട്. വാതില്‍ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. പല നടിമാരും നല്‍കിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങള്‍ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ സിനിമയില്‍നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയില്‍ പലരും നിശബ്ദത പാലിക്കുന്നു.
നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോള്‍ ഇങ്ങനെ കേസിനു പോയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാല്‍ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാല്‍ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു
ആർത്തവസമയത്ത് നടിമാർ സെറ്റില്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോർട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റില്‍ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റില്‍ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലർക്കും മൂത്രാശന അണുബാധ അടക്കമുള്ള രോഗങ്ങള്‍ക്കും വിധേയരാകേണ്ടി വരുന്നു. പലപ്പോളും പ്രൊഡക്ഷൻ യൂണിറ്റില്‍ ഉള്ളവർ ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീകളെ അനുവദിക്കാറില്ല.
മലയാള സിനിമയില്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പവർഗ്രൂപ്പുണ്ടെന്നും അവർക്കെതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകള്‍ക്ക് ഭയമെന്നും റിപ്പോർട്ടില്‍ പറയുന്നു. സംവിധായകനെതിരെ പരാതി പറയാൻ പോലും സിനിമയില്‍ സ്ത്രീകള്‍ക്ക് സാധ്യമല്ല. അങ്ങനെ പറഞ്ഞാല്‍ മിണ്ടാതെയിരിക്കാനും ‘അഡ്ജസ്റ്റ്’ ചെയ്യാനുമാണ് പറയുക. എന്നാല്‍ പുരുഷ സൂപ്പർസ്റ്റാറുകള്‍ക്കോ, സംവിധായകർക്കോ പ്രൊഡ്യൂസർക്കോ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആരും അവരെ ഒന്നും പറയില്ലെന്നും റിപ്പോർട്ടില്‍ മൊഴിയുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തുപറഞ്ഞാല്‍ സിനിമയില്‍ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് സ്ത്രീകള്‍ ഭയക്കുന്നുവെന്ന് മുതിർന്ന ഒരു നടിയുടെ മൊഴിയുണ്ട്.
സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്. പരാതിപ്പെട്ടാല്‍ താൻ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാള്‍ മൊഴി നല്‍കി. കാരവൻ സൗകര്യങ്ങള്‍ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയർ ആർടിസ്റ്റുകള്‍ പ്രശ്നങ്ങള്‍ തുറന്ന് പറയാൻ പോലും പേടിച്ചു. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.