ഡല്‍ഹി: നാളെ സംവരണ ബച്ചാവോ സംഘർഷ് സമിതിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് (Bharat Bandh) ആഹ്വാനം. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്
ഭാരത് ബന്ദിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് വലിയ പ്രചരണം നടക്കുന്നുണ്ട്. എക്സില്‍ ‘#21_August_Bharat_Bandh’ എന്ന ഹാഷ്ടാഗിലാണ് പ്രചരണം നടക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ്.
സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാർലമെൻറ് നിയമനിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്പിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്സി, എസ്ടി ലിസ്റ്റ് ഒമ്ബതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യപ്പെട്ടിരിക്കുന്നത്. സമഗ്ര ജാതി സെൻസസ് ദേശീയതലത്തില്‍ നടത്തണമെന്നും അവർ ആവശ്യം ഉന്നയിക്കുന്നുണ്ട്.
നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിന് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബന്ദിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ യോഗം ചേർന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ദുർബല പ്രദേശമായ പടിഞ്ഞാറൻ ഉത്തർപ്രദേശിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
ഭാരത് ബന്ദ് ബാധിക്കുന്ന മേഖലകള്‍ ഏതെല്ലാം?
ആശുപത്രി, പത്രം, പാല് ആംബുലൻസുകള്‍ പോലുള്ള അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിക്കില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. പൊതുഗതാഗതം സ്തംഭിക്കാനും ചില സ്വകാര്യ ഓഫീസുകള്‍ അടച്ചിടാനും സാധ്യതയുണ്ടെന്നാണ് സൂചന. ബഹുജൻ സംഘടനകള്‍ ഭാരത് ബന്ദില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തല്‍. ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും മാത്രം നടക്കാനാണ് സാധ്യത. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ പൊതുഗതാഗതം, സ്കൂളുകളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവർനത്തെ ബന്ദ് ബാധിക്കില്ലെന്നാണ് വിവരം.
ഈ വർഷം രണ്ടാം തവണയാണ് ഭാരത് ബന്ദ് നടക്കുന്നത്. കർഷക സംഘടനകള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 16 ന് ഭാരത് ബന്ദ് സംഘടിപ്പിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് കാര്യമായ സ്വാധീനം ചെലുത്തിയില്ല. എന്നാല്‍ പഞ്ചാബിലും ഹരിയാനയിലും കർഷകരുടെ പ്രക്ഷോഭമുണ്ടായത് ശ്രദ്ധേയമാണ്