റൊസാരിയോ: സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്കായുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പർതാരം ലയണൽ മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ചിലി, കൊളംബിയ ടീമുകൾക്കെതിരേയാണ് മത്സരങ്ങൾ. 28- അംഗ ടീമിനെ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.
സ്ക്വാഡിൽ നിരവധി യുവതാരങ്ങളെ പരിശീലകൻ സ്‌കലോണി ഉൾപ്പെടുത്തിയിട്ടുണ്ട്. അലജാൻഡ്രോ ഗർനാച്ചോ, വാലൻ്റിൻ കർബോണി, വാലന്റിൻ ബാർകോ, മാത്യാസ് സൗളെ എന്നിവർ ടീമിലുണ്ട്. മിഡ്‌ഫീൽഡർ എസക്വേൽ ഫെർണാണ്ടസ്, സ്ട്രൈക്കർ വാലന്റിൻ കാസ്റ്റല്ലാനോസ് എന്നിവർ പുതുമുഖങ്ങളാണ്.
ഡിബാല ഇക്കുറിയും ടീമിലില്ല. സെപ്റ്റംബർ 5- ന് ചിലിയേയും 10-ന് കൊളംബിയയേയും അർജന്റീന നേരിടും.
ക്ലബ്ബ് ഫുട്ബോളിൽ എം.എൽ.എസ് ക്ലബ്ബ് ഇന്റർ മയാമിക്കായി കളിക്കുന്ന മെസ്സിക്ക് കഴിഞ്ഞമാസം നടന്ന കോപ്പ അമേരിക്ക ഫൈനലിനിടെയാണ് പരിക്കേറ്റത്.
കണങ്കാലിന് പരിക്കേറ്റ താരം കോപ്പ ഫൈനൽ മത്സരത്തിൻ്റെ 66-ാം മിനിറ്റിൽ കളം വിട്ടിരുന്നു.
മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെ പരാജയപ്പെടുത്തി അർജൻ്റീന കിരീടത്തിൽ മുത്തമിട്ടു. മത്സരശേഷം ഡിമരിയ രാജ്യാന്തരഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തു.