ദോഹ : എസ്.എം.എ രോഗ ബാധിതയായ മല്‍ഖ റൂഹിക്കായുള്ള ചികിത്സാ ധനസമാഹരണം ലക്ഷ്യത്തിലെത്തിച്ച് ഖത്തറിലെ പ്രവാസി മലയാളികളും ഖത്തർ ചാരിറ്റിയും.
അഞ്ചു മാസം കൊണ്ടാണ് ധനസമാഹരണം ലക്ഷ്യത്തിലെത്തിയത്. ഖത്തർ മലയാളികളുടെ നെഞ്ചിലെ നോവായിരുന്നു കുഞ്ഞു മല്‍ഖ.
എസ്‌എംഎ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി രാവും പകലും അവർ കൈകോർത്തുപിടിച്ചു. ആഘോഷങ്ങള്‍ മാറ്റിവെച്ചു. വരച്ചും വിളമ്ബിയും വിവിധ ചലഞ്ചുകളിലൂടെയും പണം സ്വരൂപിച്ചു, കമ്ബനികള്‍ ലാഭവിഹിതം മാറ്റിവെച്ചു.
26 കോടിയോളം രൂപയായിരുന്നു ചികിത്സയ്ക്കാവശ്യം. ഇതില്‍ 17 കോടി കവിഞ്ഞതിന് പിന്നാലെ ഖത്തർ ചാരിറ്റി ധനസമാഹരണം അവസാനിപ്പിച്ചു.
ഉന്നത ഇടപെടലുകളിലൂടെ മരുന്ന് തുകയില്‍ ഇളവ് ലഭ്യമാക്കിയതോടെയാണ് ധനശേഖരണം നേരത്തെ അവസാനിപ്പിക്കാൻ കഴിഞ്ഞത്. മരുന്നെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ധനശേഖരണത്തിന് നേതൃത്വം നല്‍കിയവർ അറിയിച്ചു.
പാലക്കാട് മേപ്പറമ്ബ് സ്വദേശികളായ മുഹമ്മദ് റിസാല്‍, നിഹാല ദമ്ബതികളുടെ മകളാണ് ഒമ്ബത് മാസം പ്രായമുള്ള മല്‍ഖ റൂഹി. രണ്ടാം മാസത്തിലായിരുന്നു കുഞ്ഞിന് സ്‌പൈനല്‍ മസ്‌കുലാർ അട്രോഫി ടൈപ്പ് വണ്‍ രോഗമാണെന്ന് തിരിച്ചറിയുന്നത്.
1.16 കോടി റിയാല്‍ വിലയുള്ള സോള്‍ജെൻസ്മ’ എന്ന ജീൻ തെറാപ്പി മരുന്ന് എത്തിച്ചാല്‍ മാത്രമേ ചികിത്സ നല്‍കാൻ കഴിയൂ എന്ന ഘട്ടത്തില്‍ ഖത്തർ ചാരിറ്റി ഫണ്ട് സമാഹരണം ഏറ്റെടുക്കുകയായിരുന്നു.കുഞ്ഞിന്റെ ചികിത്സ ഖത്തറിലെ സിദ്ര ആശുപത്രിയിലാണ് നടക്കുന്നത്