കോഴിക്കോട്: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്ബത്തിക സഹായം നല്‍കുമെന്ന് മുസ്ലീം ലീഗ്.
ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകള്‍ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കള്‍ അറിയിച്ചു.
അടിയന്തര സാമ്ബത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതല്‍ ഓരോ കുടുംബത്തിനും നല്‍കും. 40 കച്ചവടക്കാർക്ക് 50,000 രൂപ വീതം നല്‍കും. സർക്കാർ പട്ടികയില്‍ ഉള്ളവർക്ക് ആണ് ലീഗ് സഹായം നല്‍കുക. തൊഴില്‍ മാർഗമായ ജീപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പ് വാങ്ങി നല്‍കും, 100 വീടുകള്‍ നിർമിക്കും, 8 സെൻ്റ് സ്ഥലവും 1,000 സ്ക്വയർ ഫീറ്റ് വീടും, 691 കുടുംബങ്ങള്‍ക്ക് തുകയും നല്‍കും. ദുരിത ബാധിത മേഖലയില്‍ ഉള്ള ഉദ്യോഗാർത്ഥികള്‍ക്ക് യുഎഇയിലെ വിവിധ കമ്ബനികളില്‍ തൊഴില്‍ നല്‍കും. ഇതിനായി 55 അപേക്ഷകളില്‍ നിന്ന് 48 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്ബിലാണ്. കൂടുതല്‍ വീടുകള്‍ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികള്‍ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക. ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാമ്ബുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങളാണ് ക്യാമ്ബുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും.
75 സര്‍ക്കാര്‍ കോര്‍ട്ടേഴ്സുകള്‍ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാം. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്. അതില്‍ 123 എണ്ണം ഇപ്പോള്‍ തന്നെ മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 22 കുടുംബങ്ങള്‍ അങ്ങനെ താമസം തുടങ്ങി. മാറിത്തമസിക്കാന്‍ ബാക്കിയുള്ളവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ കണ്ടെത്തി നല്‍കുന്നതില്‍ കാര്യമായ തടസ്സം ഇല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദുരന്ത ഭൂമിയില്‍ നിന്ന് 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. 17 കുടുംബങ്ങളില്‍ ആരും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കുടുംബത്തില്‍ നിന്ന് 65 പേരാണ് മരണമടഞ്ഞത്. ഡിഎന്‍എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ് ഡി ആര്‍ എഫില്‍ നിന്നും 4 ലക്ഷവും സി എം ഡി ആര്‍ എഫില്‍ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിന് പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം കുടുംബങ്ങള്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.