ദൂബൈ: മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. വിമാന ടിക്കറ്റുകള്‍ക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയില്‍നിന്ന് 20 ആയി കുറച്ചു.
ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ആഗസ്റ്റ് 19ന് ശേഷം യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസ്റ്റ് 19ന് മുമ്ബ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 30 കിലോ ലഗേജ് തന്നെ അനുവദിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തിറക്കിയ പുതിയ സർക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
യു.എ.ഇ ഒഴികെ മറ്റ് ജി.സി.സി രാജ്യങ്ങളില്‍ സൗജന്യ ബാഗേജിന്റെ ഭാര നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാവല്‍ ഏജൻസികള്‍ പറഞ്ഞു. ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് യു.എ.ഇയിലാണ്. കൂടാതെ യു.എ.ഇയില്‍നിന്ന് കൊച്ചിയിലേക്ക് മാത്രമാണ് എയർ ഇന്ത്യ സർവിസുള്ളത്.
ബാക്കി മുഴുവൻ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസാണ് നടത്തുന്നത്. അതു കൊണ്ടുതന്നെ ലഗേജിന്റെ ഭാരം കുറച്ച നടപടി യു.എ.ഇ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും. സൗജന്യ ബാഗേജ് കൂടാതെ അധിക ഭാരമായി പരമാവധി അനുവദിക്കുന്നത് 15 കിലോവരെ മാത്രമാണ്.
ഇതിനായി കിലോക്ക് 50 ദിർഹം വരെ ഈടാക്കുന്നുമുണ്ട്. ഏറ്റവും തിരക്കേറിയ യു.എ.ഇ-ഇന്ത്യ റൂട്ടില്‍ സൗജന്യ ലഗേജ് ആനുകൂല്യം വെട്ടിക്കുറച്ചതിലൂടെ കൂടുതല്‍ ലാഭമാണ് എയർ ഇന്ത്യ എക്സ്പ്രസ് ലക്ഷ്യമിടുന്നതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
നിലവില്‍ ഓഫ് സീസണ്‍പോലും പരിഗണിക്കാതെ യു.എ.ഇയില്‍നിന്ന് ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലധികം വർധന വരുത്തിയിരിക്കുകയാണ് കമ്ബനികള്‍. വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ വടകര എം.പി ഷാഫി പറമ്ബില്‍ ലോക്സഭയില്‍ പ്രതിഷേധം ഉയർത്തിയതോടെ കേന്ദ്ര സർക്കാർ വിമാന കമ്ബനികളുടെ യോഗം വിളിച്ചിരുന്നു.
എന്നാല്‍, ഒരു മാറ്റം വരുത്താൻ അവർ ഇതുവരെ തയാറായിട്ടില്ല. അതിനിടയിലാണ് കൂനിന്മേല് കുരുപോലെ സൗജന്യ ലഗേജിന്റെ തൂക്കം വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ കടുത്ത നിരാശയിലാണ് പ്രവാസി സമൂഹം