ദുബൈ: യു എ ഇ തൊഴിൽ നിയമത്തിൽ കഴിഞ്ഞയാഴ്ച വരുത്തിയ ഭേദഗതിയിൽ വിസിറ്റ് വിസ ഉടമകളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുമെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി. 100,000 ദിർ ഹത്തിനും ഒരു മില്യൺ ദിർഹത്തിനും ഇടയിൽ പിഴ ഈടാക്കുന്ന കുറ്റങ്ങളിൽ ശരിയായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നത് ഉൾപ്പെടുന്നു.
യു എ ഇയിലേക്ക് തൊഴിലാളികളെ കൊണ്ടുവരികയും അവർക്ക് ജോലി നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നതിനും കനത്ത പിഴയാണ് ചുമത്തുക.
വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പിഴ 50,000 ദിർഹം മുതൽ 200,000 ദിർഹം വരെയായിരുന്നു നേരത്തെ പിഴ.
അത് 100,000 ദിർഹം മുതൽ ഒരു ദശലക്ഷം ദിർഹം വരെയാക്കി ഉയർത്തി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഗവൺമെന്റിന്റെ ഗൗരവം കാണിക്കുന്നതാണ് ഈ ഭേദഗതി.
ചില തൊഴിലുടമകൾ വിസിറ്റ് വിസ് ഹോൾഡർമാർക്ക് അവരുടെ പെർമിറ്റ് കാലഹരണപ്പെട്ടതിന് ശേഷം റെസിഡൻസിയും വർക്ക് പെർമിറ്റും വാഗ്ദാനം ചെയ്തുകൊണ്ട് അവരെ ജോലി ചെയ്യിപ്പിക്കുന്നു.
ഇവരിൽ പലർക്കും ഇക്കാലയളവിൽ ചെയ്ത ജോലിക്ക് കൂലി ലഭിക്കുന്നില്ല. ചില സന്ദർശകരോട് ജോലി വാഗ്ദാനം ഉപയോഗിച്ച് മോശമായി പെരുമാറുന്നു. ഫെഡറൽ ഗവൺമെന്റിന്റെ തീരുമാനം ഈ ദുഷ്പ്രവണതകളെ ഗണ്യമായി തടയുകയും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് നിയമവിദഗ്ധർ വിശദീകരിച്ചു.