പ്രസവ ശുശ്രൂഷാ രംഗത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് വർദ്ധിച്ചുവരുന്ന സിസേറിയൻ പ്രസവങ്ങള്‍. വാർത്താമാദ്ധ്യമങ്ങളിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഇത് ഒരു ചർച്ചാ വിഷയമാകുന്നുണ്ട്.
ഇതില്‍ ഡോക്ടർമാരുടെ പങ്ക് എത്രമാത്രമുണ്ട്? സ്ത്രീരോഗ വിദഗ്ദ്ധർ മനസ്സിരുത്തിയാല്‍ ഇത് കുറയ്ക്കാന്‍ കഴിയുമോ? ഒരു വിചിന്തനം.
എന്തായിരിക്കണം ഒരു മാതൃകാ സിസേറിയൻ നിരക്ക്? ഇതിനെക്കുറിച്ച് കൃത്യമായ ഒരു മാർഗ്ഗനിർദ്ദേശം ഇല്ലെന്നു തന്നെ പറയാം. 1980കളിലാണ് ലോകാരോഗ്യ സംഘടന ഈ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്. 100 സ്ത്രീകള്‍ പ്രസവിക്കുമ്ബോള്‍ 15 പേർക്ക് സിസേറിയൻ വേണ്ടി വരാം എന്ന് ലോക ആരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു. ആ 15 ശതമാനമാണ് ആരോഗ്യരംഗത്തും സാമൂഹിക മാദ്ധ്യമങ്ങളിലും ഉയർത്തിപ്പിടിച്ച് കാണുന്നത്.
15ശതമാനം എന്നൊരു നിരക്ക് മുന്നോട്ടു വച്ച കാലഘട്ടത്തില്‍, അതായത് 40 വർഷം മുമ്ബ് അന്നത്തെ നമ്മുടെ മാതൃമരണ നിരക്ക് 180 ആയിരുന്നു. 2024ല്‍ കേരളത്തിന്റെ മാതൃമരണ നിരക്ക് 26 ആണ്. ആരോഗ്യ രംഗത്ത് നാം വരിച്ചിട്ടുള്ള നേട്ടത്തിന്റെ ഒരു പ്രധാന സൂചനയാണ് ഈ കുറഞ്ഞ മാതൃമരണ നിരക്ക്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും അവസരോചിതമായ സിസേറിയനുകളുമാണ് മാതൃമരണ നിരക്ക് കുറയാനുള്ള പ്രധാന കാരണം.
സിസേറിയൻ നിരക്ക് കുറയുവാൻ വേണ്ടി 1980കളിലേക്ക് ഒരു തിരിച്ചുപോക്ക് ആവശ്യമാണോ?
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും ജീവനും അപകടത്തിലാക്കിക്കൊണ്ട് മാത്രമേ സിസേറിയന് നിരക്ക് 15 ശതമാനം എന്ന നിലയിലേയ്ക്കുള്ള തിരിച്ചുപോക്ക് സാദ്ധ്യമാകൂ. അത് അഭിലഷണീയമല്ല. ഒരു ഗർഭം സിസേറിയന് പ്രസവത്തിലവസാനിപ്പിക്കാനിയ്ക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം ഗർഭിണികള്‍ക്കു വന്നാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കും. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെടുക്കുക എന്നതാണ് അതിന്റെ പ്രതിവിധി. ആ അനുവദനീയമായ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധാരണ പ്രസവം സാദ്ധ്യമാകാതെ വരുമ്ബോള്‍ സിസേറിയന് ചെയ്യുക മാത്രമേ നിവർത്തിയുള്ളു. ഇത്തരത്തില്‍ സുഖപ്രസവത്തിന് കാത്തിരിക്കുന്നത് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. അമ്മയ്ക്ക് ഫിറ്റ്സ് (Eclampsia) വരാം, അമ്മയുടെ കരളും വൃക്കകളും തകരാറിലാകാം, തലച്ചോറില്‍ രക്തസ്രാവം വന്ന് മരണത്തിനു തന്നെ കാരണമാകാം. ഇങ്ങനെയുള്ള സന്ദർഭങ്ങളില്‍ സിസേറിയൻ പ്രസവം ഒരു സമയോചിതമായ ഒരു ഇടപെടല്‍ മാത്രമാണ്.
അമ്മയ്ക്ക് ഗർഭത്തില്‍ പ്രമേഹം ഉണ്ടെങ്കില്‍ അത് കുഞ്ഞിനെ ആയിരിക്കും കൂടുതല്‍ ബാധിക്കുക. കാരണങ്ങളൊന്നും കൂടാതെ തന്നെ കുഞ്ഞിന്റെ അനക്കം പെട്ടെന്ന് നിന്നു പോകാം. ഇങ്ങനെയുള്ള ഗർഭിണികളെ പ്രസവ തീയതിയ്ക്ക് രണ്ടോ മൂന്നോ ആഴ്ച മുമ്ബ് തന്നെ പ്രസവിപ്പിക്കേണ്ടതായിട്ടുണ്ട്. സാധാരണ ഒരു ഗർഭിണിക്ക് കൊടുക്കുന്ന അത്ര സമയം സുഖപ്രസവത്തിനായി കാത്തിരുന്നാല്‍ പലപ്പോഴും അത് കുഞ്ഞിന്റെ ജീവന് തന്നെ അപകടമായി ഭവിക്കും. മാത്രവുമല്ല ഈ കുഞ്ഞുങ്ങള്‍ക്ക് സാധാരണയിലും കൂടുതല്‍ ഭാരവും ഉണ്ടാകും. അതുകൊണ്ടുതന്നെ പലപ്പോഴും സാധാരണ പ്രസവം സാദ്ധ്യമാകാതെ വരാം.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നീ അവസ്ഥകള്‍ക്ക് ഒരു കാരണം സ്ത്രീകളുടെ ജീവിതരീതി തന്നെയാണ്. ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി ഗർഭകാലത്ത് വരാവുന്ന അവസ്ഥാ വിശേഷങ്ങളാണ് ഇവ. ഇതുവഴിയുണ്ടാകുന്ന സിസേറിയൻ കുറയ്ക്കണമെങ്കില്‍ സ്ത്രീകള്‍ അവരുടെ ജീവിത രീതിയില്‍ തന്നെ വ്യത്യാസം വരുത്തണം. ഗർഭിണികളുടെ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പൂർണ്ണമായ അവബോധം ഉണ്ടാകണം. ഫാസ്റ്റ് ഫുഡ് സംസ്കാരവും ദുർമേദസ്സും ജീവിതത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം സിസേറിയൻ നിരക്ക് കൂടിത്തന്നെയിരിക്കും.
ഇടുപ്പെല്ലിന്റെ വ്യാപ്തിയും ഗർഭസ്ഥ ശിശുവിന്റെ ഭാരവും ഒരു സുഖപ്രസവം നടക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഒരു സാധാരണ പ്രസവം നടക്കുന്നതിന് ഇടുപ്പെല്ലിന്റെ അളവും അതിന് ചുറ്റുമുള്ള പേശികളുടെ അയവും ഒരു അഭിവാജ്യ ഘടകം. കൗമാരപ്രായം തുടങ്ങി തുടർച്ചയായി ചെയ്യുന്ന ശാരീരിക വ്യായാമം ഇതിന് അത്യന്താപേക്ഷിതമാണ്. ടിവി, മൊബൈല്‍ എന്നിവയ്ക്ക് മുന്നില്‍ തങ്ങളുടെ ഒഴിവുസമയം കഴിച്ചു കൂട്ടാന്‍ ആഗ്രഹിക്കുകയും താല്പര്യപ്പെടുകയും ചെയ്യുന്നവരാണ് ഇന്നത്തെ കുമാരിമാരും സ്ത്രീകളും. വ്യായാമം ജീവിതത്തിന്റെ ഭാഗമല്ലെങ്കില്‍ അത് പേശികളേയും ഇടുപ്പെല്ലിനെയുമൊക്കെ ബാധിക്കും. ഇടുപ്പെല്ലിന്റെ വ്യാപ്തവും അയവുമൊക്കെ ഒരു സുഖപ്രസവത്തിന് അത്യന്താപേക്ഷിതമാണ്. വ്യായാമകുറവിന്റെ ഒപ്പം ഫാസ്റ്റ് ഫുഡിന്റെയും അധിക കലോറിയുള്ള ഭക്ഷണത്തിന്റെയും അതിപ്രസരം കൂടിയാകുമ്ബോള്‍ അമ്മയ്ക്കും കുഞ്ഞിനും ഭാരം കൂടാം. ഇതും ഒരു സിസേറിയന് കാരണമാണ്.
സിസേറിയന് കൂടുന്നതിനുള്ള മറ്റൊരു കാരണം അത്യാധുനിക വന്ധ്യതാ ചികിത്സയിലൂടെയുള്ള ഗർഭങ്ങളാണ്. ഐവിഎഫ്, ഇക്സി മുതലായ ചികിത്സാ സമ്ബ്രദായങ്ങളിലൂടെയുണ്ടാകുന്ന ഗർഭത്തില്‍ പലപ്പോഴും ഇരട്ടക്കുട്ടികളോ അതിലും കൂടുതല്‍ കുഞ്ഞുങ്ങളോ കാണാനുള്ള സാദ്ധ്യതയുണ്ട്. Multiple Pregnancy വിഭാഗത്തില്‍പ്പെടും ഇവ (Twins, Triplets, Quadruplets). അതുകൊണ്ട് തന്നെ ഗർഭത്തിലെ അപകടസാദ്ധ്യത വർദ്ധിക്കുന്നു. വന്ധ്യത ചികിത്സയിലൂടെ ഗർഭം ധരിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ വീട്ടുകാർക്കും ഡോക്ടർക്കും പൊതുവേ ആ ഗർഭാവസ്ഥയെ പറ്റിയുള്ള കരുതലും ആശങ്കയും കൂടുതലാണ്. രണ്ടു കുഞ്ഞുങ്ങളെ കിട്ടുന്നതിന്റെ സന്തോഷം ഇരട്ടിയാക്കുന്നതിനോടൊപ്പം തന്നെ ആശങ്കകളും ഇരട്ടിയാക്കുന്നു. അതുകൊണ്ടുതന്നെ സിസേറിയനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള വ്യഗ്രത ഡോക്ടർക്കും രോഗിക്കും ഒരുപോലെ തന്നെ ഉണ്ടാവും. ഗർഭാവസ്ഥയിലെ പ്രമേഹം, വളർച്ച, രക്തസ്രാവം എന്നിവ ഇക്കൂട്ടർക്ക് കൂടുതലാണ്. അതിനോടൊപ്പം തന്നെ കുഞ്ഞുങ്ങളുടെ ഭാരവും വളർച്ചയും കുറവായും കാണുന്നു. ചില പ്രത്യേക വിഭാഗം ഇരട്ടകളില്‍ ഒരു കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ടാമത്തെ കുഞ്ഞിന്റെ ശരീരത്തിലേക്ക് രക്തം പ്രവഹിക്കുന്നതായും കാണാം. ഈ ഗർഭിണികളില്‍ മാസം തികയുന്നതിന് മുമ്ബേയുള്ള പ്രസവ വേദനയും പ്രശ്നമാകാറുണ്ട്. ഇത്തരുണത്തില്‍ ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി സിസ്സേറിയന് ചെയ്യേണ്ടി വരാറുണ്ട്.
1980കളിലില്ലാത്ത വിധം വന്ധ്യതാ ചികിത്സ വേണ്ടി വരുന്നതിന്റെ ഒരു കാരണം ജീവിതശൈലി പ്രശ്നങ്ങള്‍ തന്നെയാണ്. അമിതവണ്ണവും പോളിസിസ്റ്റിക് ഓവറിയും അണ്ഡോല്പാദന പ്രശ്നങ്ങളുമൊക്കെ സങ്കീർണമായി കെട്ടു പിണഞ്ഞ് കിടക്കുന്നു. ഒരു അണുകുടുംബത്തില്‍ പലപ്പോഴും അച്ഛനമ്മമാരുടെ ഒരേ ഒരു സന്തതിയായി വളർന്നു വരുന്ന കുട്ടിക്ക് ഒരു കൂട്ടുകുടുംബത്തില്‍ മറ്റു കുടുംബാംഗങ്ങളോടൊത്ത് വളരുന്ന കുട്ടികളുടെ മനസ്സാന്നിദ്ധ്യവും പാകതയും കാണാറില്ല. പ്രസവ മുറി എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയചകിതരാകുന്ന പെണ്‍കുട്ടികളെയാണ് ഞങ്ങള്‍ കണ്ടുവരുന്നത്. ഇതേ ഭയം അവരുടെ അമ്മമാരെയും കുടുംബാംഗങ്ങളെയും ബാധിക്കുന്നു. പ്രസവം എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല എന്നതും ചിലപ്പോള്‍ ചെറിയ വേദന ദിവസങ്ങളോളം കണ്ടതിനുശേഷമായിരിക്കും യഥാർത്ഥ പ്രസവവേദന ആരംഭിക്കുക എന്നതും ഗർഭിണികള്‍ മനസ്സിലാക്കണം. ഡോക്ടർമാർ വിചാരിച്ചാല്‍ പ്രസവത്തിന്റെ ദൈർഘ്യം കുറയ്ക്കാന്‍ സാധിച്ചെന്ന് വരില്ല. ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് നല്ല ഒരു തീരുമാനം. പ്രസവമുറിയില്‍ ഗർഭിണിയും ബന്ധുക്കളും കാണിക്കുന്ന ആശങ്ക ഒരു പരിധിവരെ സാംക്രമികമാണ്. അത് പതുക്കെ ഡോക്ടർമാരിലേക്കും പകരും. പരിണിത ഫലം ഒരു സിസേറിയൻ ആയിരിക്കും.
ആദ്യത്തെ പ്രസവം സിസേറിയൻ വഴി ആയിരുന്നെങ്കില്‍ പിന്നീടുള്ള പ്രസവങ്ങളും സിസേറിയൻ തന്നെ ആയിരിക്കും. സിസേറിയന് ചെയ്യുന്നത് ഗർഭപാത്രം കീറിയിട്ടാണല്ലോ. അവിടെ തുന്നലിട്ട് അതുണങ്ങുമ്ബോള് പൂർവ്വ സ്ഥിതി പ്രാപിക്കുമെങ്കിലും അടുത്ത ഗർഭത്തില്‍ പ്രസവവേദന തുടങ്ങുമ്ബോള്‍ അവിടം വിട്ടുപോകാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാല്‍ രക്തസ്രാവം ഉണ്ടാവുകയും അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടത്തിലാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് വീണ്ടും ഒരു സിസേറിയന് തന്നെയാണ് സുരക്ഷിതം എന്ന് ഡോക്ടർമാർ തീരുമാനിച്ചു പോകുന്നത്.
മാസം തികയതെയുള്ള പ്രസവങ്ങളും സിസേറിയന് നിരക്ക് കൂടുന്നതിന് ഒരു കാരണമാണ്. ഗർഭം പൂർണ്ണ വളർച്ചയെത്തുന്നതിനു മുമ്ബ് വെള്ളം പൊട്ടി പോകുമ്ബോള്‍ അണുബാധയില്‍ നിന്ന് കുഞ്ഞിനെയും അമ്മയെയും രക്ഷിക്കാനും ആ നേരത്തേയുള്ള സിസേറിയനുകള്‍ ആവശ്യമായി വരുന്നു.
പ്രസവം മുന്നോട്ടു പോകുന്നതിനിടയില്‍ കുഞ്ഞിന്റെ ഹൃദയത്തുടിപ്പിന് മാറ്റം വരിക (Fetal distress) ഇടുപെല്ലിന് വ്യാപ്തം മതിയാകാതെ വരിക (Contracted pelvis), മറുപിള്ള ഗർഭപാത്രത്തിന് താഴെ വന്ന് ഗർഭപാത്രത്തിന്റെ മുഖം അടഞ്ഞുപോവുക (Placenta Praevia) തുടങ്ങിയ കാരണങ്ങളും സിസേറിയന് സിസേറിയനില്‍ അവസാനിക്കുന്നു.
ലാഭേച്ഛയോടു കൂടി ചെയ്യുന്ന സിസേറിയനുകള്‍ അപലനീയമാണ്. ഒരു കാര്യം തറപ്പിച്ചു പറയാം സാമ്ബത്തിക ലാഭത്തിനുവേണ്ടി സിസേറിയന് ചെയ്യുന്ന ഗൈനക്കോളജിസ്റ്റുകള്‍ വിരളമാണ്. സമയം താമസിക്കുന്തോറും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി വഷളാകുമോ എന്ന ഭയമാണ് പലപ്പോഴും ഒരു സിസേറിയന് എന്ന ചിന്തയിലേക്ക് നയിക്കുന്നത്. പല ആശുപത്രികളിലും മാതൃകാപരമായ സാഹചര്യങ്ങളല്ല നിലവിലുള്ളത്. 24 മണിക്കൂറും അനസ്തേഷ്യ ഡോക്ടറുടെയും ശിശുരോഗ വിദഗ്ദ്ധന്റെയും സേവനം, ബ്ലഡ് ബാങ്ക് സൗകര്യങ്ങള്‍, എന്തെങ്കിലും പ്രശ്നമുണ്ടായാല്ല് ഒരു സൗകര്യം സഹായം ഇവയൊന്നും ഇല്ലാത്ത എത്രയോ ആശുപത്രികളില്‍ പ്രസവങ്ങള്‍ നടക്കുന്നു. അവിടെ ജോലി ചെയ്യുന്ന ഗൈനക്കോളജിസ്റ്റുകള്‍ക്ക് മാതൃകാപരമായ രീതിയില്‍ സിസേറിയന്റെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നില്ല എന്നത് സ്വാഭാവികം മാത്രം.
പ്രസവങ്ങളോടും ഡോക്ടർമാരോടുമുള്ള കാഴ്ചപ്പാടും സമൂഹം മാറ്റണം, വിരളമാണെങ്കില്‍ പോലും വളരെ അപ്രതീക്ഷിതമായ പല അത്യാഹിതങ്ങളും ഗർഭത്തെ ചുറ്റിപ്പറ്റിയുണ്ടാകാം. എന്ത് സംഭവിച്ചാലും അത് ഡോക്ടറുടെ കുറ്റം കൊണ്ടാണ് എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. എല്ലാ പ്രസവങ്ങളും സുഖപര്യവസായിക്കൊള്ളണമെന്നില്ല. പ്രസവമെന്ന പ്രക്രിയ ചിലപ്പോഴൊക്കെ സങ്കീർണ്ണമായിപ്പോകുന്നു. അത് ചികിത്സകരുടെയോ ആശുപത്രിയുടെയോ അനാസ്ഥ കൊണ്ടായിരിക്കില്ല. ഈ യാഥാർഥ്യം മനസ്സിലാക്കാനുള്ള പക്വത ബന്ധുക്കള്‍ക്കുണ്ടാകണം.
ഡോക്ടർമാർ മാത്രം മനസ്സുവെച്ചതു കൊണ്ട് വർദ്ധിച്ചുവരുന്ന സിസേറിയന്റെ തോത് കുറയ്ക്കാന്‍ സാധിക്കില്ല. അത് സാദ്ധ്യമാകാൻ ഗർഭിണികളും ഗർഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സമൂഹവും പ്രവർത്തിക്കണം. നമ്മുടെ ജീവിതരീതി തന്നെ പാടെ മാറ്റണം. ഫാസ്റ്റ് ഫുഡ് സംസ്കാരവും ദുർമേദസ്സും നമ്മുടെ ശത്രുക്കളാണ്. പ്രസവം എന്ന പ്രക്രിയ വളരെ സങ്കീർണ്ണമാണ്. അപ്രതീക്ഷിതമായി എന്ത് സങ്കീർണ്ണതകളും സംഭവിക്കാം. അതിനെ നേരിടാനുള്ള തയ്യാറെടുപ്പും സന്നാഹങ്ങളും ഓരോ ആശുപത്രിയിലും ഉണ്ടാവണം. ഇവിടെ സമയമാണ് ജീവൻ നിലനിർത്തുന്നത്.
തീർച്ചയായും ഡോക്ടർമാരുടെ ഭാഗത്തു നിന്നും ഒരു വലിയ നീക്കം ഇതിനുവേണ്ടി നടക്കുന്നുണ്ട്. അതിനുള്ള പരിശ്രമങ്ങള്‍ ഗൈനക്കോളജി സംഘടന നിരന്തരം തുടരുന്നുണ്ട്. അമ്മയ്ക്കും കുഞ്ഞിനും നല്ലത് സുഖപ്രസവം തന്നെയാണ്, ഓരോ ഗൈനക്കോളജിസ്റ്റും ആഗ്രഹിക്കുന്നതും അത് തന്നെയാണ്.