വയനാട് ദുരന്തം നിരാലംബരാക്കിയവര്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് ഡോ.കെ.ടി. റബീഉല്ല
300 ലേറെ പേരുടെ ജീവന് അപഹരിച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മൊത്തം ഒരു കോടി രൂപയുടെ സഹായമാണ് ഡോ. കെ.ടി. റബീഉല്ല നല്‍കിയത്.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പാശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ഡോ. കെ.ടി. റബീഉല്ല സംഭാവനയായി നല്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.ടി. റബീഉല്ലയുടെ സഹായധനമായ 50 ലക്ഷം രൂപയുടെ ചെക്ക് ബഹ്റൈനിലെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സി.ഇ.ഒ ഹബീബ് റഹ്മാന് കൈമാറി.
വള്ളിക്കുന്ന് എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സന്നിഹിതനായിരുന്നു. കൂടാതെ മുസ് ലിം ലീഗിന്റെ ഫോർ വയനാട് പുനരധിവാസ പദ്ധതിയിലേക്കായി 50 ലക്ഷം രൂപയും ഡോ. കെ.ടി. റബീഉല്ല സംഭാവനയായി നല്കി. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഹബീബ് റഹ്മാന് ചെക്ക് കൈമാറി.
മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, ബഷീര്‍ അലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
നാലു പതിറ്റാണ്ടിലേറെയായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന് കീഴില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഹോസ്പിറ്റല്‍, മെഡിക്കല്‍ സെന്ററുകള്‍, ഫാര്‍മസികള്‍ എന്നിങ്ങനെ 40 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യ മേഖലയില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ഡോ. കെ.ടി. റബീഉല്ല സജീവ സാന്നിധ്യമാണ്