അബുദാബി: ജോലി തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട നാലുപേർക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. വ്യാജ ജോലി വാഗ്ദാനം ചെയ്‌ത് യുവതിയില്‍ നിന്ന് പണം തട്ടിയതിനാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത് യുവതിയുടെ അക്കൗണ്ടിലെ മുഴുവൻ തുകയും തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു.
യുവതി നല്‍കിയ പരാതിയില്‍ ദുബായ് പ്രോസിക്യൂഷൻ അന്വേഷണം നടത്തി. വ്യാജ ജോലി വാഗ്ദാനം ചെയ്‌തുകൊണ്ടുള്ള പരസ്യം സംഘം വാട്‌സാപ്പ് വഴി ഷെയർ ചെയ്‌തതായി കണ്ടെത്തി. ഈ പരസ്യം കാണിച്ച് വിശ്വസിപ്പിച്ചാണ് യുവതിയില്‍ നിന്നും ഇവർ പണം തട്ടിയത്. എന്നാല്‍, ഈ തുക അവർക്ക് തിരികെ നല്‍കാനോ യുവതിക്ക് ജോലി നല്‍കാനോ സംഘം തയ്യാറായില്ലെന്നും അധികൃതർ പറഞ്ഞു. ദുബായിലെ മിസ്‌ഡിമെനർ കോടതിയാണ് പ്രതികള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.
ഫോണ്‍ വഴി ലഭിക്കുന്ന വ്യാജ മെസേജുകളോട് പ്രതികരിക്കരുതെന്ന് എമിറേറ്റ്‌സിലെ താമസക്കാർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പും നല്‍കി. ‘നിങ്ങളെ വിശ്വസിപ്പിക്കുന്ന രീതിയിലാണ് ഈ വ്യാജ സന്ദേശങ്ങള്‍ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്.
തട്ടിപ്പ് സംഘങ്ങള്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി നിങ്ങളുടെ കൈവശമുള്ള മുഴുവൻ പണവും തട്ടിയെടുക്കും.
അതിനാല്‍, ഈ വ്യാജ സന്ദേശത്തില്‍ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക’, അധികാരികള്‍ പറഞ്ഞു.
ഇങ്ങനെ എന്തെങ്കിലും സന്ദേശം കണ്ടുകഴിഞ്ഞാല്‍ ഉടൻതന്നെ അധികാരികളെ അറിയിക്കാനും താമസക്കാരോട് ഇവർ അഭ്യർത്ഥിച്ചു.