പോർചുഗീസ് ഫുട്ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബില്‍ സകലറെക്കോഡും തകർത്ത് മുന്നേറുന്നു. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനല്‍ തുടങ്ങി 16 മണിക്കൂർ പിന്നിടുമ്ബോള്‍ താരത്തെ സബ്സ്ക്രൈബ് ചെയ്തത് 14 മില്യണിലധികം പേരാണ്.
ചാനല്‍ തുടങ്ങി ഒന്നര മണിക്കൂർ കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്സ് പിന്നിട്ട താരത്തെ തേടി യൂട്യൂബിന്റെ ഗോള്‍ഡ് പ്ലേ ബട്ടണ്‍ എത്തി. പ്ലേ ബട്ടണ്‍ കിട്ടിയ സന്തോഷം താരവും കുടുംബവും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
എന്നാല്‍, മണിക്കൂറുകള്‍കൊണ്ട് ഒരു കോടി(10 മില്യണ്‍) പിന്നിട്ട താരത്തെ തേടി ഡയമണ്ട് പ്ലേ ബട്ടണുമെത്തി. 10 മില്യണ്‍ സബ്സ്ക്രേബേഴ്സിലേക്ക് 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡ് തകർക്കാൻ ക്രിസ്റ്റ്യാനോക്ക് 10 മണിക്കൂറേ വേണ്ടുവന്നുള്ളൂ. ലക്ഷണക്കണക്കിന് പേരാണ് ഓരോ നിമിഷവും താരത്തിന്‍റെ ചാനല്‍ സബ് സ്‌ക്രൈബ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വ്യക്തിയാണ് സി.ആർ 7. വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ പേരാണ് താരത്തെ പിന്തുടരുന്നത്.
താരത്തിന്റെ റെക്കോഡ് വേഗത്തിലുള്ള പോക്കുകണ്ട് യൂട്യൂബിന്റെ വരെ കണ്ണുത്തള്ളിയെന്നാണ് ആരാധകർ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന മിസ്റ്റർ ബീസ്റ്റിനെ മറികടക്കാൻ ക്രിസ്റ്റ്യാനോ എത്രസമയം എടുക്കും എന്ന കാര്യത്തില്‍ മാത്രമാണ് അറിയേണ്ടതുള്ളൂ. 311 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് മിസ്റ്റർ ബീസ്റ്റിനുള്ളത്. രണ്ടാമതുള്ള ടി സീരീസിനെ 272 മില്യണ്‍ ആളുകള്‍ പിന്തുടരുന്നുണ്ട്.
ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലില്‍ 19 വിഡിയോകള്‍ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ചാനലില്‍ ഫുട്‌ബാള്‍ മാത്രമല്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു