ദോഹ : കുഞ്ഞു മല്‍ഖയുടെ മുഖത്തെ പുഞ്ചിരി നിലനിർത്താൻ പ്രവാസലോകത്തിന്റെ സ്നേഹവും കരുതലും കടലായി ഒഴുകിപ്പോള്‍ ഖത്തറില്‍ പിറന്നത് പുതുചരിത്രം.
സമ്ബാദ്യക്കുടുക്ക പൊട്ടിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ബിരിയാണി ചലഞ്ചും ചിത്രരചനാ ചലഞ്ചും ഒക്കെയായി കരുണ വറ്റാത്ത മനുഷ്യരൊന്നിച്ചപ്പോള്‍ അഞ്ചുമാസത്തില്‍ സമാഹരിച്ചത് 74.56 ലക്ഷം ഖത്തർ റിയാല്‍ (ഏകദേശം 17.13 കോടി രൂപ). ഖത്തർ പ്രവാസികളായ മലയാളി ദമ്ബതികളുടെ എസ്‌എംഎ ബാധിതയായ ഒമ്ബതുമാസം പ്രായമുള്ള കുഞ്ഞ് മല്‍ഖ റൂഹിയുടെ ചികിത്സയ്ക്കുള്ള ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ ക്യാമ്ബയിൻ ഇതോടെ പൂർണതയിലെത്തി. ഇതോടെ 1.16 കോടി റിയാലിന്റെ മരുന്ന് പ്രത്യേക ഇളവോടുകൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഖത്തർ ചാരിറ്റിയും കുട്ടിയുടെ ചികിത്സ നടത്തുന്ന സിദ്ര ആശുപത്രിയും.
പാലക്കാട് മേപ്പറമ്ബ് സ്വദേശികളായ മുഹമ്മദ് റിസാല്‍, നിഹാല ദമ്ബതികള്‍ക്ക് കഴിഞ്ഞവർഷം നവംബർ 27ന് ആണ് പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഖത്തർ ഹമദ് ആശുപത്രിയില്‍ ജനിച്ച മല്‍ഖ റൂഹിയ്ക്ക് രണ്ടാംമാസത്തില്‍ സ്പൈനല്‍ മസ്കുലാർ അട്രോഫി (എസ്‌എംഎ) ടൈപ്പ് വണ്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞു. വാക്സിനേഷനായി ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശാരീരിക അനക്കത്തില്‍ അസ്വഭാവികത കണ്ടതോടെയാണ് ഡോക്ടർ കുട്ടിക്ക് എസ്‌എംഎയാണെന്ന സംശയം ഉയർത്തിയത്. തുടർപരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. തുടർചികിത്സക്കായി ഖത്തറിലെ കുട്ടികളുടെ ആശുപത്രിയായ സിദ്രയിലേക്ക് മാറ്റി. 1.16 കോടി റിയാല്‍ വിലയുള്ള സോള്‍ജെൻമ എന്ന ജീൻ തെറാപ്പി മരുന്ന് എത്തിച്ചാല്‍ മാത്രമേ ചികിത്സ നല്‍കാൻ കഴിയു എന്നറിഞ്ഞതോടെ മാതാപിതാക്കള്‍ ആശങ്കയിലായി. നാട്ടിലേക്കുപോലും യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു മല്‍ഖ. ചികിത്സാചെലവുകള്‍ സൗജന്യമായി വഹിക്കാൻ സിദ്ര മുന്നോട്ടുവന്നു. എന്നാല്‍, വിലയേറിയ മരുന്ന് എത്തിച്ചുനല്‍കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം കുടുംബത്തിന്റെ മേല്‍വന്നു. ഈ ഘട്ടത്തിലാണ് കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള പണം സമാഹരിക്കാൻ ഖത്തർ ചാരിറ്റി അംഗീകാരം നല്‍കിയത്. കുഞ്ഞു മല്‍ഖയുടെ പുഞ്ചിരി നിലനിർത്താൻ ഖത്തറിലെ പ്രവാസി സംഘടനകളും വ്യക്തികളും ചേർന്നതോടെ ദൗത്യം വിജയകരമായി.
കഴിഞ്ഞ അഞ്ചുമാസക്കാലം ഖത്തറിലെ ഒട്ടുമിക്ക പ്രവാസി മലയാളി സംഘടനകളുടെയും ചിന്തയും പ്രവർത്തനങ്ങളും ഒരേ ലക്ഷ്യത്തിലായിരുന്നു. ഏപ്രില്‍ മാസത്തിലാണ് ചികിത്സാ സഹായം ശേഖരിച്ചുതുടങ്ങിയത്. ബിരിയാണി ചലഞ്ച്, സാലറി ചലഞ്ച്, ഖത്തറിലെ പ്രശസ്ത കലാകാരന്മാരുടെ ചിത്ര പ്രദർശനങ്ങളും വില്‍പ്പനയും ചിത്രരചനാമത്സരം, വടംവലി തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചാണ് ഖത്തറിലെ പ്രവാസി സംഘടനകള്‍ മല്‍ഖ റൂഹിയ്ക്കായി ഒരുമിച്ചുചേർന്നത്.
ഐസിബിഎഫ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് കുഞ്ഞി, ജീവകാരുണ്യ പ്രവർത്തകൻ ഷഫീഖ് അലി എന്നിവർ ചേർന്നാണ് പ്രവാസി സമൂഹത്തില്‍ ഫണ്ട് ശേഖരണത്തിന്റെ കോഓർഡിനേഷൻ ഏറ്റെടുത്തത്. സംസ്കൃതി, കെഎംസിസി, ഇൻകാസ്, പ്രവാസി വെല്‍ഫെയർ, ഒഐസിസി, കേരള കള്‍ച്ചറല്‍ സെന്റർ, യൂത്ത് ഫോറം ഖത്തർ, നടുമുറ്റം ഖത്തർ, ഐസിഎഫ്, ഖത്തർ സ്പർശം, ഐവൈസി ഖത്തർ, ഖത്തർ ഇന്ത്യൻ പ്രവാസി ഫോറം, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ തുടങ്ങിയ സംഘടനകളും ഖത്തർ മലയാളിസ് സാമൂഹ്യ മാധ്യമ കൂട്ടായ്മയും ചലച്ചിത്ര താരം മമ്മൂട്ടിയടക്കമുള്ള വ്യക്തികളും വ്യാപാര, വിദ്യാഭ്യസ സ്ഥാപങ്ങളും സ്വദേശികളും എല്ലാം ധനസമാഹരത്തില്‍ പങ്കാളകളായി. ഖത്തർ ചാരിറ്റി അവരുടെ ഉയർന്ന പ്രാധാന്യമുള്ള പട്ടികയില്‍ ഫണ്ട് ശേഖരണം ഉള്‍പ്പെടുത്തിയതിനാല്‍ സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് ധനസമാഹരത്തില്‍ പങ്കാളിയാകാൻ സഹായിച്ചു. ഫണ്ട് സമാഹരണവുമായി സഹകരിച്ചവരുടെ അനുഭവം പങ്കുവച്ചുകൊണ്ടുള്ള സൗഹൃദ സദസ് കഞ്ചാണി ഹാളില്‍ നടന്നു. മല്‍ഖ റൂഹിയുടെ പിതാവ് നിഹാല്‍, ഇന്ത്യൻ എംബസി അപക്സ് ബോഡി ഭാരവാഹികള്‍, വിവിധ പ്രവാസി സംഘടന നേതാക്കള്‍, വ്യവസായ പ്രമുഖർ, സ്കൂള്‍ അധികൃതർ, മാധ്യമപ്രവർത്തകർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.