കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 15,000 രൂപ വിതരണം ചെയ്തു തുടങ്ങി.
വയനാട്ടിലെ ക്യാമ്ബിലെത്തിയാണ് തുക കൈമാറുന്നത്. സഹായം വാങ്ങാൻ എത്തിയ ദുരിതബാധിതരോട് കുശലം പറഞ്ഞും, ചിരിപ്പിച്ചുമായിരുന്നു പികെ ബഷീര്‍ എംഎല്‍എ സംസാരിച്ചത്. പൈസക്ക് പൈസ തന്നെ വേണം. ചെക്ക് തന്നാല്‍ ബാങ്ക് പിടിക്കും. അതാണ് കയ്യില്‍ തന്നെ തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്ബത്തിക സഹായം നല്‍കുമെന്ന് മുസ്ലീം ലീഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെന്ററുകള്‍ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കള്‍ അറിയിച്ചു.
അടിയന്തര സാമ്ബത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതല്‍ ഓരോ കുടുംബത്തിനും നല്‍കുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിതരണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, 40 കച്ചവടക്കാർക്ക് 50,000 രൂപ വീതവും നല്‍കും. സർക്കാർ പട്ടികയില്‍ ഉള്ളവർക്ക് ആണ് ലീഗ് സഹായം നല്‍കുന്നത്.. തൊഴില്‍ മാർഗമായ ജീപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പ് വാങ്ങി നല്‍കും.
100 വീടുകള്‍ നിർമിക്കും, 8 സെന്റ് സ്ഥലവും 1,000 സ്ക്വയർ ഫീറ്റ് വീടും, 691 കുടുംബങ്ങള്‍ക്ക് തുകയും നല്‍കും. ദുരിത ബാധിത മേഖലയില്‍ ഉള്ള ഉദ്യോഗാർത്ഥികള്‍ക്ക് യുഎഇയിലെ വിവിധ കമ്ബനികളില്‍ തൊഴില്‍ നല്‍കും. ഇതിനായി 55 അപേക്ഷകളില്‍ നിന്ന് 48 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചിരുന്നു