കണ്ണൂർ : ആഗസ്റ്റ് 24 മുതല്‍ ഗുജറാത്തിലെ അഹമദാബാദില്‍ ആരംഭിക്കുന്ന 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ റിലയൻസ് ഓള്‍ ഇന്ത്യ ഇൻവിറ്റേഷൻ ലീഗ് കം നോക്കൗട്ട് ത്രിദിന ടൂർണമെന്റില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കണ്ണൂർക്കാരനായ സംഗീത് സാഗർ തെരഞ്ഞെടുക്കപ്പെട്ടു.
തലശ്ശേരിക്കാരനായ ഒ.വി. മസർ മൊയ്തുവാണ് ടീമിന്റെ മുഖ്യപരിശീലകൻ. 12 ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ ബറോഡ, ബംഗാള്‍, മുംബൈ എന്നീ ടീമുകളടങ്ങിയ ഗ്രൂപ് ബി യിലാണ് കേരളം. 24ന് മുംബൈയുമായും 28ന് ബറോഡയുമായും സെപ്റ്റംബർ ഒന്നിന് ബംഗാളുമായും കേരളം ഏറ്റുമുട്ടും. സെപ്റ്റംബർ അഞ്ചിന് സെമി ഫൈനലും ഒമ്ബതിന് ഫൈനലും നടക്കും.
ഓപണിങ് ബാറ്റ്സ്മാനായ സംഗീത് സാഗർ കഴിഞ്ഞ വർഷം 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ബി.സി.സി.ഐ കുച്ച് ബെഹാർ ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിലും 2022 -23 സീസണില്‍ ബി.സി.സി.ഐയുടെ 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിജയ് മെർച്ചന്റ് ട്രോഫിയിലും കേരള ടീമംഗമായിരുന്നു.
അന്ന് മണിപ്പൂരിനെതിരെ 170 റണ്‍സും വിദർഭക്കെതിരെ 132 റണ്‍സുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരമായ സംഗീത് സാഗർ 2023ല്‍ രാജസ്ഥാൻ റോയല്‍സ് ജൂനിയർ ടീം പരിശീലന ക്യാമ്ബിലേക്കും നാഷനല്‍ ക്രിക്കറ്റ് അക്കാദമി ക്യാമ്ബിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തലശ്ശേരി കോട്ടയം പൊയില്‍ എടത്തില്‍ ഹൗസില്‍ വി. ഗിരീഷ് കുമാറിന്റെയും കെ.കെ. ഷിജിനയുടെയും മകനാണ്. തലശ്ശേരി സെന്‍റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂള്‍ 12ാം ക്ലാസ് ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.
ബി.സി.സി.ഐ ലെവല്‍ ബി പരിശീലകനായ മസർ മൊയ്തു 2024 ഏപ്രില്‍, മേയ് മാസങ്ങളില്‍ ആന്ധ്രാപ്രദേശിലെ അനന്ത്പൂരില്‍ നടന്ന നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്ബിലും 2022, 2023 വർഷങ്ങളില്‍ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ എൻ.സി.എ ക്യാമ്ബിലും ഫീല്‍ഡിങ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2018-19 സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരള ടീമിന്റെയും 2017 -18 സീസണില്‍ രഞ്ജി ട്രോഫിയില്‍ ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ച കേരള ടീമിന്റെയും സഹപരിശീലകനായിരുന്നു. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ഫീല്‍ഡിങ്ങ് വിഭാഗത്തില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ കേരള ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു മസർ. 2012 -13 ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച അക്കാദമി പരിശീലകനുള്ള അവാർഡ് നേടി. കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു. സെന്‍റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂള്‍, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകള്‍ക്ക് വേണ്ടി ജില്ല ലീഗ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. തലശ്ശേരി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂള്‍, ഗവ. ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.