ചെന്നൈ: തമിഴ്നാട്ടില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
കൂടാതെ കുട്ടികളെ വളര്‍ത്തുന്നതിനായി മൂന്നു വര്‍ഷത്തേക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് നിയമിക്കുമെന്നും വ്യക്തമാക്കി. നേരത്തെ ഒന്‍പത് മാസമായിരുന്നു പ്രസവാവധി.
“വനിതാ പൊലീസുകാര്‍ക്ക് ഒരു വർഷത്തെ പ്രസവാവധി നല്‍കും, ജോലിയില്‍ തിരിച്ചെത്തിയ ശേഷം, അവരുടെ കുട്ടികളെ പരിപാലിക്കുന്നതിനായി അവരെ അവരുടെ ഭർത്താവിൻ്റെയോ മാതാപിതാക്കളുടെയോ സ്ഥലത്ത് മൂന്ന് വർഷത്തേക്ക് നിയമിക്കും.”
രാഷ്ട്രപതിയുടെ മെഡലുകളും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകളും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മെഡലുകളും മികച്ച പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും രാജരത്നം സ്റ്റേഡിയത്തില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.