മസ്കത്ത് : മസ്കത്ത് കെഎംസിസിയുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഒമാനിലെ എൻ എം സി ആശുപത്രി ഗ്രൂപ്പും മസ്കത്ത് കെഎംസിസി യും ധാരണയിലെത്തി.
ഏറ്റവും നൂതനമായ സാങ്കേതിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ഒമാനിലെ ആരോഗ്യ സേവന ദാതാക്കളായ എൻ എം സി ഗ്രൂപ്പിന്റെ ഒമാനിലുടനീളമുള്ള വിവിധ ആശുപത്രികളിലാവും പദ്ധതിയുടെ ഭാഗമായി നിരക്കിളവ് ലഭ്യമാകുക.
എൻ എം സി ഹെല്‍ത്ത് കെയർ ജനറല്‍ മാനേജർ മുഹമ്മദ് റാഷിദ് അല്‍ ഷിബിലിയും മസ്കത്ത് കെഎംസിസി സെക്രട്ടറിയും കെയർ വിംഗ് ചെയർമാനു മായ ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചു. ഹെഡ് ഓഫ് ഓപ്പറേഷൻ അജിംഷ പി എ, രാഹുല്‍ മസ്കറ്റ് കെ എം സി സി വൈസ് പ്രസിഡന്റ്റുമാരായ നവാസ് ചെങ്കള, നൗഷാദ് കാക്കേരി, സെക്രട്ടറി ബി എസ്സ് ഷാജഹാൻ എന്നിവർ സന്നിഹ്തരായിരുന്നു.
കുറഞ്ഞ നിരക്കില്‍ ആരോഗ്യസേവനം ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരായ പ്രവാസികളെ ചേർത്ത് നിർത്തുകയാണ് എൻ എം സി ചെയ്യുന്നതെന്നും ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണെന്നും മസ്കറ്റ് കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.
മസ്കറ്റ് കെഎംസിസി യോട് ചേർന്ന് ഇത്തരത്തില്‍ സൗജന്യ സേവനം പ്രഖ്യാപിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും എല്ലാ പ്രവാസികള്‍ക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പുവരുത്തുമെന്നും, പരമാവധി നിരക്കിളവ് ലഭ്യമാക്കുമെന്നും എൻ എം സി മാനേജ്മെന്റ് വ്യക്തമാക്കി. ഇതിന്റെ ആനുകൂല്യം ഉടൻ തന്നെ പ്രവർത്തകർക്ക് ലഭ്യമായി തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.