വീണ്ടും ഖുർആൻ കത്തിച്ച് ഇസ്രായേലി സൈനികർ; അറബ് രാജ്യങ്ങള്‍ പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസ്
സൈനികരുടെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ അറബ്, മുസ്‍ലിം രാജ്യങ്ങളോടും സംഘടനകളോടും ഹമാസ് ആവശ്യപ്പെട്ടു. ‘ഖുർആന്റെ പകർപ്പുകള്‍ കത്തിക്കുന്നതും നശിപ്പിക്കുന്നതും പള്ളികള്‍ തകർക്കുന്നതുമെല്ലാം ഇസ്രായേലിന്റെ തീവ്രസ്വഭാവത്തെയാണ് എടുത്തുകാട്ടുന്നത്. അവർ വിദ്വേഷം നിറഞ്ഞ ക്രിമിനല്‍ സൈനികരാണ്. നമ്മുടെ രാജ്യത്തിന്റെ സ്വത്വവും പരിശുദ്ധിക്കുമെതിരായ ഫാസിഷ്റ്റ് പെരുമാറ്റമാണ് അവരുടേത്’ -ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
വടക്കൻ ഗസ്സയിലെ ബാനി സലേഹ് പള്ളിയിലാണ് ഖുർആന്റെ പകർപ്പുകള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേലി സൈനികർ പകർത്തുകയും ചെയ്തു. ഇതിന് പുറമെ ഖാൻ യൂനിസിലെ ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് മോസ്ക്കും ഇസ്രായേല്‍ ബോംബാക്രമണത്തില്‍ തകർന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ 610 മുസ്‍ലിം പള്ളികളും 3 ചർച്ചുകളും ഇസ്രായേല്‍ പൂർണമായും തകർത്തുവെന്നാണ് ഗസ്സ സർക്കാർ മീഡിയ ഓഫിസ് പറയുന്നത്.