കുമ്പള:വസ്ത്രക്കടയില്‍ ഇ-സിഗരറ്റ് വില്‍പന നടത്തുന്നതായ രഹസ്യവിവരത്തെ തുടർന്ന് കുമ്ബള പൊലീസ് നടത്തിയ റെയ്ഡില്‍ നാല് ഇ-സിഗരറ്റുകള്‍ പിടികൂടി.
ബന്തിയോട്ടെ ട്രങ്ക്-മെൻസ് വെഡിംഗ് ഹബ് എന്ന കടയിലാണ് റെയ്ഡ് നടന്നത്. സംഭവത്തില്‍ കടയുടെ പാർട്ണർമാരായ അബൂബകർ ജംശീദ് (27), മൂസ ഖലീല്‍ (32) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
പരിശോധനയില്‍ കടയിലെ കാഷ് കൗണ്ടറിനടുത്തുള്ള വലിപ്പില്‍ നിന്നാണ് ആരോഗ്യത്തിന് ഹാനികരവും വില്‍പ്പന നടത്താൻ അധികാരമില്ലാത്തതുമായ നികോടിൻ അടങ്ങിയ നാല് ഇ – സിഗരറ്റുകള്‍ കണ്ടെത്തിയതെന്നും ഇവയ്ക്ക് ഓരോന്നിനും 700 രൂപയാണ് ഈടാക്കുന്നതെന്നും കുമ്ബള ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഇ-സിഗരറ്റ്: അപകടകരം
ഇ-സിഗരറ്റ് എന്നത് ഒരു ഇലക്‌ട്രോണിക് ഉപകരണമാണ്. ഇതില്‍ ഇലക്‌ട്രോണിക് ജ്യൂസ് എന്നറിയപ്പെടുന്ന ഒരു ദ്രാവകം അടങ്ങിയിരിക്കുന്നു. ഈ ദ്രാവകം സാധാരണയായി നിക്കോട്ടിൻ, ഗ്ലൈസറോള്‍, പ്രൊപ്പിലീൻ ഗ്ലൈക്കോള്‍, രുചി വർധകങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
ഇ-സിഗരറ്റുകള്‍ പുകവലിക്ക് ഒരു മാറ്റം വരുത്തുന്നതിനുള്ള മാർഗമായാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നവർക്ക് ശ്വാസകോശത്തിലെ പ്രശ്നങ്ങള്‍, ഹൃദയരോഗം, കാൻസർ എന്നിവ വർധിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ നിക്കോട്ടിൻ വിഷബാധയുണ്ടാകാനും സാധ്യതയുണ്ട്.
പാസീവ് വാപിംഗ് എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം മൂലം മറ്റുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പാസീവ് വാപിംഗ് എന്നത് ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നവരുടെ സമീപത്ത് ഇരിക്കുന്നവർ ഇ-സിഗരറ്റുകളില്‍ നിന്ന് പുറത്തുവരുന്ന ബാഷ്‌പം ശ്വസിക്കുന്നതാണ്.