ഷാർജ: റോളയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ പാലത്തില്‍ നിന്ന് വെള്ളത്തിലേക്ക് വീണ് അപകടം. സംഭവത്തില്‍ നാല് യുവാക്കള്‍ മരിച്ചു.
സിറിയൻ സ്വദേശികളായ മൂന്ന് പേരും ഈജിപ്തുകാരനുമാണ് മരിച്ചത്. 21 നും 27 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവർ. കഴിഞ്ഞ ദിവസം പുലർച്ചെ 2.45 ന് സെൻട്രല്‍ മാർക്കറ്റിനും അല്‍ ജുബൈല്‍ സുഖിനും സമീപം ഖാലിദ സ്ട്രീറ്റിലെ പാലത്തിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർ അപകടസ്ഥലത്തും ഒരാള്‍ അല്‍ ഖാസിമി ആശുപത്രിയിലുമാണ് മരിച്ചത്.
അപകടം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതനുസരിച്ച് മാരിടൈം റെസ്ക്യൂ സംഘങ്ങളും പൊലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളത്തില്‍ വീണ കാറിന്റെ വാതില്‍ പെട്ടെന്ന് തുറക്കാൻ കഴിയാതിരുന്നത് മൂലമാണ് രക്ഷാപ്രവർത്തനം വൈകിയത്. അമിത വേഗവും അശ്രദ്ധയുമാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
നിരത്തുകളില്‍ വേഗപരിധി കൃത്യമായി പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഷാർജ പൊലിസ് ജനറല്‍ കമാൻഡ് അനുശോചനം അറിയിച്ചു.