റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറില്‍ വെള്ളക്കെട്ടില്‍ വാഹനം മുങ്ങി രണ്ട് പേർ മരിച്ചു. മൂന്നു പേർ ഒലിച്ചുപോയി.
അവരെ കണ്ടെത്താൻ സിവില്‍ ഡിഫൻസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. വെള്ളത്തില്‍ മുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.
അപകടത്തില്‍ പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുമെന്നും ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കനത്ത മഴ പെയ്യുമ്ബോള്‍ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്, വെള്ളക്കെട്ടുകള്‍ക്ക് സമീപത്തേക്ക് പോകരുത്, അപകടസാധ്യതകള്‍ എടുത്ത് താഴ്വരകളില്‍ പ്രവേശിക്കരുത് എന്നിങ്ങനെയുള്ള മുൻകരുതലുകള്‍ എടുക്കാനും സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കാനും സിവില്‍ ഡിഫൻസ് ഡയറക്ടറേറ്റ് എല്ലാവരോടും ആവശ്യപ്പെട്ടു