എന്തൊക്കെ എതിര്പ്പുകള് നേരിടേണ്ടി വന്നാലും ഫലസ്തീനെ പിന്തുണക്കുന്നതില് നിന്ന് തന്നെ തടയാനാവില്ലെന്ന് ഒരിക്കല് കൂടി പ്രഖ്യാപിച്ച് ഡച്ച് ഫുട്ബാള് താരം അന്വര് എല് ഗാസി.
ഇസ്റാഈല് ആക്രമണത്തില് ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങള്ക്കായി അഞ്ച് ലക്ഷം യൂറോ (4.69 കോടി രൂപ) സംഭാവന നല്കുമെന്ന് പറഞ്ഞിരിക്കുകയാണ് താരം. മുന് ക്ലബ് മെയ്ന്സില്നിന്ന് ലഭിക്കാനുള്ള പ്രതിഫലത്തില്നിന്നാണ് ഗാസി ഗസ്സയിലെ കുഞ്ഞുങ്ങള്ക്ക് സഹായം നല്കുക.
സമൂഹ മാധ്യമമായ എക്സിലൂടെയാണ് പണം ഗസ്സയിലെ കുഞ്ഞുങ്ങള്ക്ക് സംഭാവന ചെയ്യുന്ന കാര്യം താരം അറിയിച്ചത്. ‘രണ്ട് കാര്യങ്ങള്ക്ക് മെയിന്സിന് നന്ദി പറയാന് ഞാന് ആഗ്രഹിക്കുന്നു. എനിക്കുള്ള വലിയ സാമ്ബത്തിക പ്രതിഫലത്തിനാണ് ആദ്യത്തേത്. അതില് അഞ്ച് ലക്ഷം യൂറോ ഗസ്സയിലെ കുട്ടികള്ക്കുള്ള പദ്ധതികള്ക്കായി ഉപയോഗിക്കും. രണ്ടാമതായി, എന്നെ നിശബ്ദനാക്കാന് ശ്രമിച്ചതോടെ ഗസ്സയിലെ അടിച്ചമര്ത്തപ്പെട്ടവര്ക്കും ശബ്ദമില്ലാത്തവര്ക്കും വേണ്ടി എന്റെ ശബ്ദം കൂടുതല് ഉച്ചത്തിലാക്കിയതിനാണ്’ താരം കുറിച്ചു.
‘ജോര്ദന് നദി മുതല് മെഡിറ്ററേനിയന് കടല് വരെ, ഫലസ്തീന് സ്വതന്ത്രമാകും’ എന്ന് സമൂഹ മാധ്യമത്തില് പോസ്റ്റിട്ടതിന് 2023 ഒക്ടോബറില് ജര്മന് ക്ലബ് താരത്തെ പുറത്താക്കിയിരുന്നു. ഫലസ്തീന് അനുകൂല പോസ്റ്റിന്റെ പേരില് നവംബര് രണ്ടിനാണ് 29കാരനുമായുള്ള കരാര് മെയ്ന്സ് റദ്ദാക്കിയത്. പിന്നീട് ക്ലബിന്റേത് തെറ്റായ നടപടിയാണെന്ന് വിലയിരുത്തിയ ജര്മന് ലേബര് കോടതി, പ്രതിമാസ ശമ്ബളം 1,50,000 യൂറോ നല്കണമെന്ന് ഉത്തരവിട്ടിരുന്നു. നിയമനടപടികള് തുടരുന്നതിനിടെയാണ് ഗാസിയുടെ സഹായ പ്രഖ്യാപനം.
നേരത്തെ, ഇംഗ്ലീഷ് പ്രീമിയര് ലീഗില് ആസ്റ്റണ് വില്ലക്കും എവര്ട്ടണിനും വേണ്ടി കളിച്ച അന്വര് എല് ഗാസി കഴിഞ്ഞ ജൂലൈ മുതല് ഇംഗ്ലണ്ടിലെ കാര്ഡിഫ് സിറ്റി താരമാണ്. മൊറോക്കന് വംശജനായ ഗാസി രണ്ട് മത്സരങ്ങളില് നെതര്ലന്ഡ്സ് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.
Dutch footballer Anwar El Ghazi has pledged €500,000 (approximately ₹4.69 crore) to support children in Gaza affected by the Israeli attacks.